16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് അതിജീവിതയെ വിവാഹം ചെയ്യാന്‍ ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി.
രണ്ട് വര്‍ഷം മുമ്ബ് പെണ്‍കുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിവസങ്ങള്‍ക്ക് മുമ്ബ് പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായതോടെയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്.
15 ദിവസത്തെ ജാമ്യമാണ് പ്രതിക്ക് കോടതി അനുവദിച്ചിരിക്കുന്നത്. രണ്ട് പേരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം. പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെ വിവാഹത്തിനുള്ള സമ്മര്‍ദ്ദം ഏറിയിരുന്നു. ലൈംഗികാതിക്രമക്കേസില്‍ ശിക്ഷയനുഭവിക്കുന്ന 23 കാരനാണ് കുഞ്ഞിന്റെ പിതാവെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായിരുന്നു.
15 ദിവസത്തെ പരോളിന് ശേഷം പ്രതി ജൂലൈ 3ന് വൈകീട്ടോടെ ജയിലില്‍ തിരിച്ചെത്തണം. മാത്രമല്ല, ജൂലൈ നാലിന് വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. കുഞ്ഞിനെ സംരക്ഷിക്കാനും അമ്മയെ പിന്തുണയ്ക്കാനുമാണ് ഇത്തരമൊരു തീരുമാനമെന്നാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് എം നാഗപ്രസന്നയാണ് ഇത്തരമൊരു വിധി പ്രഖ്യാപിച്ചത്. രണ്ട് കുടുംബങ്ങളും പെണ്‍കുട്ടിയും യുവാവും വിവാഹിതരായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന പശ്ചാത്തലത്തില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജിയിലാണ് വിധി. ലൈംഗികാതിക്രമം നേരിടുമ്ബോള്‍ പെണ്‍കുട്ടിക്ക് 16 വയസ്സും ഒമ്ബത് മാസ്സവുമായിരുന്നു പ്രായം. പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.














