ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നിയമ വിഭാഗം മേധാവിയും മലയാളിയുമായ അഭിഭാഷകന്‍ ആല്‍ജോ കെ.ജോസഫിനെയാണ് പാര്‍ട്ടി പുറത്താക്കി. അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരന്‍ ക്രിസ്റ്റിന്‍ മിഷേലിന് വേണ്ടി കോടതിയില്‍ ഹാജരായതിനാണ് ആല്‍ജോ കെ.ജോസഫിനെ പാര്‍ട്ടി പുറത്താക്കിയത്. യൂത്ത് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ സ്വന്തം നിലയിലാണ് ആല്‍ജോ ഹാജരായതെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും എഐസിസി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവരു അറിയിച്ചു.
ദുബൈ കോടതിയില്‍ മിഷേലിനെ പ്രതിനിധീകരിച്ച നിയമസംഘമാണ് തന്നെ കേസ് ഏല്‍പിച്ചതെന്നും തന്റെ രാഷ്ട്രീയവുമായി ജോലിയെ കൂട്ടിയിണക്കേണ്ടെന്നും ആല്‍ജോ പറഞ്ഞു. ആല്‍ജോക്കു പുറമെ മലയാളി അഭിഭാഷകരായ വിഷ്ണു ശങ്കര്‍, ശ്രീറാം പറക്കാട്ട് എന്നിവരാണ് മിഷേലിന് വേണ്ടി സിബിഐ പ്രത്യേക കോടതിയില്‍ ഹാജരായത്.

അതേസമയം, കേസ് നടപടികള്‍ക്ക് ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ ആല്‍ജോ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയയെ കണ്ടതു വിവാദമായി.
ആല്‍ജോ ഹാജരായത് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കുമെതിരായ രാഷ്ട്രീയ ആയുധമായി ബിജെപി മാറ്റിയിരുന്നു. മിഷേലുമായി കോണ്‍ഗ്രസിനുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ആല്‍ജോയുടെ ഇടപെടലെന്നും ബിജെപി ആരോപിച്ചു.
നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, കോണ്‍ഗ്രസിന്റെ പ്രതിച്ഛായ മോശമാക്കുന്ന കേസുകളില്‍ ഹാജരാകരുതെന്നു പാര്‍ട്ടി അംഗങ്ങളായ അഭിഭാഷകര്‍ക്ക് ദേശീയ നേതൃത്വം മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നു.













