മുതിര്‍ന്ന സി പി എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍ ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് ശങ്കരയ്യയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. സി പി ഐ ദേശീയ കൗണ്‍സിലില്‍ നിന്നിറങ്ങി വന്ന് സി പി എം രൂപീകരിച്ച 32 പേരില്‍ ഒരാളായിരുന്നു ശങ്കരയ്യ. സി പി എം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഓള്‍ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സി പി എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി, സി പി എം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ചുവര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.1922 ജൂലൈ 15ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. പതിനേഴാം വയസ്സില്‍ സിപിഐ അംഗമായി. 1962-ല്‍ ഇന്ത്യ ചൈന യുദ്ധസമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ശങ്കരയ്യയായിരുന്നു. 1964-ല്‍ സിപിഐ ജനറല്‍ സെക്രട്ടറി പിസി ജോഷി മധുരയില്‍ വന്നിരുന്നു. അന്ന് സമ്മേളനത്തില്‍ ഒരു ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചത് ശങ്കരയ്യയുടെ മിടുക്കായിരുന്നു.














