വനിതാസംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. പാർലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണംകൂട്ടി സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബിൽ.
നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബിൽ എന്ന പേരിലുള്ള ബിൽ ഏപ്രിൽ 16 മുതൽ ചേരുന്ന ബജറ്റ് സമ്മേളനത്തുടർച്ചയിൽ പാർലമെന്റിൽ അവതരിപ്പിക്കും. മണ്ഡല പുനർ നിർണയ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ മറ്റൊരു ബില്ലും കേന്ദ്രസർക്കാർ അവതരിപ്പിക്കും.

ഭേദഗതിപ്രകാരം ലോക്സഭാ സീറ്റുകൾ നിലവിലെ 543-ൽനിന്ന് 816 ആയി വർധിക്കും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണംചെയ്യും. 2029-ലെ പൊതുതെരഞ്ഞെടുപ്പിലാകും നിയമം പ്രാബല്യത്തിൽ വരുന്നത്. സ്ത്രീകൾക്കുള്ള സംവരണം കൂട്ടുമ്പോഴും പട്ടികജാതി, പട്ടിക വർഗ സംവരണം തുടരും. നിയമസഭകളിലും സമാനരീതിയിൽ സീറ്റുകൾ വർധിപ്പിച്ച് അനുപാതികമായി സ്ത്രീകൾക്ക് സംവരണം നൽകും.













