കത്രിക കൊണ്ട് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയായ നാലുവയസുകാരന് സങ്കീർണ്ണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കത്രിക കൊണ്ട് കഴുത്തിലെ പ്രധാന രക്ത ധമനി മുറിഞ്ഞ് അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
പേപ്പർ ക്രാഫ്റ്റുകൾ നിർമ്മിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ കത്രിക കൊള്ളുകയായിരുന്നു. അടിയന്തരമായി നടത്തിയ സി.ടി സ്‌കാനിംഗിൽ, ഇടത് കോളർ ബോണിന് സമീപമുള്ള പ്രധാന രക്ത ധമനി പൂർണ്ണമായും മുറിഞ്ഞതായി കണ്ടെത്തി. ഇതേത്തുടർന്ന് കുട്ടിയുടെ ഇടത് കൈയിലേക്കുള്ള രക്തപ്രവാഹം പൂർണ്ണമായും നിലച്ച നിലയിലായിരുന്നു. ഗുരുതരാവസ്ഥ പരിഗണിച്ച് കിംസ്ഹെൽത്ത് പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സൗമ്യ രമണൻ വി-യുടെ നേതൃത്വത്തിലുള്ള സംഘം അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശിക്കുകയായിരുന്നു.

രണ്ട് മണിക്കൂർ നീണ്ട സങ്കീർണ്ണമായ വാസ്കുലർ ശസ്ത്രക്രിയയിലൂടെ കൈയിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിച്ചു. അതീവ നേർത്ത നൂലുകൾ ഉപയോഗിച്ചാണ് മുറിഞ്ഞ രക്ത ധമനികൾ തുന്നിച്ചേർത്തത്. കഠിനമായ രക്തസ്രാവം മൂലം മുറിഞ്ഞ രക്ത ധമനി കൃത്യമായി കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും, മറ്റ് സുപ്രധാന നാഡികൾക്ക് പരിക്കേൽക്കാതിരിക്കാൻ അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്നും ഡോ. സൗമ്യ രമണൻ പറഞ്ഞു.
സീനിയർ കൺസൾട്ടന്റും കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം മേധാവിയുമായ ഡോ. ഷാജി പലങ്ങാടൻ, കാർഡിയാക് അനസ്തീഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുഭാഷ് എസ് എന്നിവരും ചികിത്സയുടെ ഭാഗമായി. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ കുട്ടി പൂർണ്ണ ആരോഗ്യവാനായി ഒരാഴ്ചയ്ക്ക് ശേഷം ആശുപത്രി വിട്ടു.













