കോഴിക്കോട് പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം അല്ലാതെ ആരും റാലി നടത്തരുതെന്ന ധാർഷ്ട്യമാണ് അവർക്കുള്ളത്.കോൺഗ്രസ്സ് അവിടെ റാലി നടത്തും. പലസ്തീൻ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോൺഗ്രസ്സാണെന്നും ചെന്നിത്തല വ്യക്തമാക്കി.പലസ്തീൻ വിഷയത്തിൽ ആശയക്കുഴപ്പം ഉള്ളത് സിപിഐഎമ്മിനാണ്.
ശശി തരൂരിനെ ക്ഷണിക്കുന്ന കാര്യം കെപിസിസി തീരുമാനിക്കും. ആലപ്പുഴയിൽ കെ സി മത്സരിച്ചാൽ പാട്ടും പാടി ജയിക്കുമെന്ന് രമേശ് ചെന്നിത്തല.കെസി വേണുഗോപാൽ മത്സരിക്കണമെന്നാണ് ആലപ്പുഴയിലെ പാർട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിന്റെ പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. നവ കേരള സദസിന്റെ വേദി മുൻകൂട്ടി നിശ്ചയിച്ചതാണെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. പലസ്തീൻ വിഷയത്തിലെ ജാള്യത മറക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനാലാണ് സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.














