എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു


എയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് കാമ്പല്‍ വില്‍സണ്‍ രാജിവെച്ചു. പിന്‍ഗാമിയെ കണ്ടെത്തുന്നതുവരെ കാമ്പൽ തല്‍സ്ഥാനത്ത് തുടരുമെന്നാണ് വിവരം. ഈ വര്‍ഷം കമ്പനി വലിയ രീതിയിൽ നഷ്ടം നേരിട്ടിരുന്നു. ഇതിന് പുറമേ ചെലവ് വർദ്ധിച്ചതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ക്കിടെയാണ് കാമ്പൽ രാജിവെച്ചിരിക്കുന്നത്.കഴിഞ്ഞ ആഴ്ച നടന്ന ബോര്‍ഡ് മീറ്റിങ്ങിലാണ് കാമ്പലിന്റെ രാജി അംഗീകരിച്ചത്. സെപ്തംബറിനുള്ളില്‍ അടുത്ത നേതൃത്വത്തിന് രൂപം നല്‍കുമെന്നാണ് വിവരം. അടുത്ത വര്‍ഷം സെപ്തംബര്‍ വരെയായിരുന്നു കാമ്പലിന്റെ കാലാവധി.


അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല.ജനുവരിയില്‍ തന്നെ കാമ്പലിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. സിഇഒ സ്ഥാനം കരാര്‍ അവസാനിക്കുന്നത് വരെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നീക്കം. അഞ്ച് വര്‍ഷത്തെ കരാറില്‍ 2022 സെപ്തംബറിലാണ് നേതൃസ്ഥാനം കാമ്പല്‍ ഏറ്റെടുത്തത്. 2022ലാണ് എയര്‍ ഇന്ത്യ സ്വകാര്യവത്കരിച്ചത്. പുതിയ സിഇഒയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.


നിലവില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലമുള്ള പ്രശ്‌നങ്ങളാണ് എയര്‍ ഇന്ത്യയെ അലട്ടുന്നത്. എയര്‍ക്രാഫ്റ്റ് സപ്ലൈയുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ നേരിടുന്നുണ്ട്. വ്യോമപാതയില്‍ ദീര്‍ഘദൂര പാതകള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമായതിനാല്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ അടക്കം പ്രവര്‍ത്തന ചെലവ് വര്‍ധിച്ചു. ഇതിന് പുറമേ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12ന് നടന്ന അഹമ്മദാബാദ് വിമാനദുരന്തവും കമ്പനിയെ വലിയ സമ്മര്‍ദത്തിലാക്കി. 2026 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ലൈനിന്റെ നഷ്ടം 20,000കോടിയിലധികമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



Sharing is Caring