48 മണിക്കൂറിനകം രാജി വച്ചൊഴിയണം, പരീക്കറുടെ വീടിന് മുന്നില്‍ വന്‍ പ്രതിഷേധം


പനാജി: സംസ്ഥാനത്തിന് മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്ന് ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ വീടിന് മുന്നിലേക്ക് വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി. അസുഖബാധിതയായി വീട്ടില്‍ വിശ്രമിക്കുന്ന പരീക്കര്‍ 48 മണിക്കൂറിനകം രാജി വയ്‌ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഭരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനറുമായാണ് നൂറോളം വരുന്ന ആളുകള്‍ പരീക്കറിന്റെ സ്വകാര്യ വസതിയിലേക്ക് മാര്‍ച്ച്‌ ചെയ്‌തത്. കോണ്‍ഗ്രസ്,​ എന്‍.സി.പി,​ ശിവസേന തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സന്നദ്ധ സംഘടനകളും സമരത്തിന് അണിചേര്‍ന്നിരുന്നു.


സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പരീക്കര്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം രാജിവച്ച്‌ മറ്റൊരാളെ ഭരണം ഏല്‍പ്പിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ഒമ്ബത് മാസത്തോളമായി പരീക്കര്‍ അസുഖ ബാധിതനായി കഴിയുന്നതിനാല്‍ സംസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളും താളം തെറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചില ഉദ്യോഗസ്ഥരും ചില പ്രത്യേക താത്പര്യമുള്ള നേതാക്കളുമാണ് സംസ്ഥാനത്തിന്റെ ഭരണം നടത്തുന്നതെന്നുമാണ് സമരക്കാരുടെ ആരോപണം.


പാന്‍ക്രിയാസ് ക്യാന്‍സര്‍ മൂലം ചികിത്സയില്‍ കഴിയുന്ന പരീക്കര്‍ മരിച്ചുപോയെന്ന് അടുത്തിടെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഒക്‌ടോബര്‍ 14ന് ഡല്‍ഹി എയിംസില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്‌തതിന് ശേഷം പൊതുപരിപാടിയിലും പരീക്കര്‍ പങ്കെടുത്തിരുന്നില്ല. ഗോവയിലെ സ്വകാര്യ വസതിയില്‍ 24 മണിക്കൂറും ഡോക്‌ടര്‍മാരുടെയും പാരാമെ‌ഡ‌ിക്കല്‍ സ്‌റ്റാഫുകളുടെയും നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നതെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.



Sharing is Caring