ഒന്നുകൂടെ ചോദിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി ഡാഷ് എന്നത് പൂരിപ്പിച്ചേനെ; പരിഹസിച്ച് വി ഡി സതീശൻ


തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഡാഷ് മോനെ രേവന്ത’ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒന്നുകൂടെ ചോദിച്ചിരുന്നെങ്കില്‍ ഡാഷ് എന്നത് മുഖ്യമന്ത്രി പൂരിപ്പിച്ചേനെയെന്ന് വി ഡി സതീശന്‍ പരിഹസിച്ചു.’പിണറായി വിജയനെതിരെ ഒന്നും പറയരുതെന്ന് ഞാന്‍ രേവന്ത് റെഡ്ഡിക്ക് നിര്‍ദേശം കൊടുത്തേനെ. അദ്ദേഹത്തോട് സൂക്ഷിച്ച് സംസാരിച്ചില്ലെങ്കില്‍ ഏറ്റവും നല്ല മലയാളത്തില്‍ ഏറ്റവും മോശം വാക്കുകള്‍ പറയുന്നയാളാണ്. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചു. ടി പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചു.


എന്‍ കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു. അമ്പത് വര്‍ഷം കൂടെ നടന്ന കമ്മ്യുണിസ്റ്റിനെ പരമചെറ്റയെന്നും വിളിച്ച് മലയാളം ഭാഷയ്ക്ക് ഒരുപാട് വാക്കുകള്‍ സംഭാവന ചെയ്തയാളാണ് പിണറായി വിജയന്‍. പിണറായി വിജയനോട് തമാശയെന്നും പറയരുതെന്ന് രേവന്ത് റെഡ്ഡിയോട് പറയാന്‍ മറന്നു. ഭൂമിയില്‍ കേള്‍ക്കാത്ത ഭാഷവരുമെന്ന് പറയണമായിരുന്നു. ഡാഷ് മോനെയെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ സമനില തെറ്റിയിരിക്കുകയാണ്, വി ഡി സതീശന്‍ പറഞ്ഞു.രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ പരാമര്‍ശത്തിലായിരുന്നു ‘ഡാഷ് മോനേ രേവന്താ…വിശദമായ മറുപടി വരുന്നുണ്ട്’ എന്ന മുഖ്യമന്ത്രിയുടെ മറുപടി.


‘മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സാധാരണ രീതിയില്‍ കാണിക്കേണ്ട മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് സ്വയം ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ ഞാനും പരസ്യമായി തന്നെ മറുപടി പറയാന്‍ പോകുന്നുണ്ട്. ആ മറുപടി കൊടുക്കും. ഇപ്പോള്‍ വിശദമായി പറയുന്നില്ല. അതിനാല്‍ ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്’, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.



Sharing is Caring