ഐഐഎം കോഴിക്കോട് ഇപിജിപി 19-ാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു


കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്) എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഇപിജിപി) കോഴ്സിന്റെ 19-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായുള്ള രണ്ട് വർഷത്തെ എംബിഎ കോഴ്സായ ഇപിജിപിയിലേക്ക് എക്സിക്യൂട്ടീവ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഇഎംഎടി), വ്യക്തിഗത അഭിമുഖം എന്നിവ വഴിയാണ് പ്രവേശനം ലഭിക്കുക. ബാച്ചിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി ആരംഭിച്ചതായി ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 


ഐടി, ഊർജ്ജം, പൊതുമേഖല, എയ്റോസ്പേസ്, വിദ്യാഭ്യാസം, കൺസൾട്ടിംഗ്, നിർമ്മാണം, എഫ്എംസിജി, ഓട്ടോമോട്ടീവ്, ബാങ്കിംഗ്, ഇൻഷുറൻസ്, ഇ-കൊമേഴ്സ്, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പഠിതാക്കളെയാണ് കോഴ്സിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നത്. ഇന്ററാക്ടീവ് ലേണിംഗ് പ്ലാറ്റ്ഫോമിലൂടെ നൽകുന്ന 750 മണിക്കൂർ ക്ലാസ് കോഴ്സിന്റെ ഭാഗമായി നൽകുന്നുണ്ട്. പ്രോഗ്രാം താമസസ്ഥലത്തിനും ജോലി ചെയ്യുന്ന സ്ഥലത്തിനും അടുത്തുള്ള പഠന കേന്ദ്രങ്ങളിൽ നിന്നും പഠിക്കാനുള്ള സൗകര്യവും ലഭ്യമാണ്. 29 ശതമാനം സ്ത്രീകൾ ഉൾപ്പെടെ 672 പേരാണ് 18-ാമത് ബാച്ചിൽ പ്രവേശനം നേടിയത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പങ്കാളിത്തമാണിതെന്ന് ഐഐഎം അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രൊഫ. സുദർശൻ കുണ്ടലൂരു, പ്രൊഫ. ആനന്ദക്കുട്ടൻ ബി ഉണ്ണിത്താൻ, പ്രൊഫ. സെബാസ്റ്റ്യൻ എംപി തുടങ്ങിയവരും സംബന്ധിച്ചു. 




Sharing is Caring