വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ


കോഴിക്കോട് : വില്പനക്കായി കൊണ്ടുവന്ന 37.170 ഗ്രാം എം.ഡി.എം.എ യും, മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും, മയക്കുമരുന്ന് വിറ്റ് കിട്ടിയ 4630/- രുപയും, മയക്കുമരുന്ന് വിൽപ്പനയ്ക്കായി ചെറിയ പാക്കറ്റുകൾ ആക്കുന്നതിനാവശ്യമായ സിപ്പ് ലോക്ക് കവറുകളും, മൂന്ന് മൊബൈൽ ഫോണും സഹിതം  നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പിൽ (ടി. കെ ഹൗസിൽ) സാജിദ് ജമാൽ അഹമ്മദ്  (27 വയസ്സ്) നെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസിസ്റ്റന്റെ് കമ്മീഷണർ ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസഫും, ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രിയൻ. എൻ.കെ യുടെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് കോഴിക്കോട് സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് & ഡോർമെട്രീസ് എന്ന് ലോഡ്ജിൽ നിന്ന്  പിടികൂടി.


കുറച്ചുദിവസങ്ങളായി ഡാൻ സാഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്ന പ്രതി എത്തിപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ നിരീക്ഷണം നടത്തുന്നതിനിടെയാണ് സൗത്ത് ബീച്ചിലെ  ലോഡ്ജിൽ വെച്ച്  മയക്കുമരുന്ന് സഹിതം പോലീസിന്റെ പിടിയിലാകുന്നത്. പ്രതി സ്ഥിരം മയക്കുമരുന്ന് വിൽപ്പനക്കാരാണെന്നും, ബാംഗ്ലൂരിലെ മയക്കുമരുന്ന് മൊത്തവിൽപ്പനക്കാരിൽ നിന്നും എം.ഡി.എം.എ മൊത്തമായി വാങ്ങിച്ച് ഒരു ഗ്രാം, രണ്ട് ഗ്രാം വരുന്ന ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തുകയും, മയക്കുനരുന്ന് വിൽപ്പനയിലൂടെ സമ്പാദിക്കുന്ന പണം ആർഭാട ജീവിതത്തിനും, സ്വയം മയക്കുമരുന്ന് ഉപയോഗത്തിനും വേണ്ടിയാണ് പ്രതി ഉപയോഗിച്ചിരുന്നത്.

online news portal

ബാംഗ്ലൂരിൽ നിന്ന് മൊത്തമായി കൊണ്ടുവരുന്ന എം.ഡി.എം.എ സ്വകാര്യ ലോഡ്ജുകളിൽ മുറിയെടുത്ത് ചെറിയ പാക്കറ്റുകൾ ആക്കി കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ചും, നല്ലളം, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര എന്നീ സ്ഥലങ്ങളിലുള്ള ആവശ്യക്കാരെയും വിളിച്ചുവരുത്തി വിതരണം ചെയ്യുന്നതാണ് പ്രതിയുടെ രീതി. ഇയാളിൽ നിന്നും പ്രധാനമായും മയക്കുമരുന്ന് വാങ്ങിയിരുന്നത് യുവാക്കളും,  വിദ്യാർത്ഥികളുമായിരുന്നു. സ്കൂൾ അവധിക്കാലം ആയതിനാൽ ആവശ്യക്കാരേറെയാണെന്നും, ഒരുപാട് പെൺകുട്ടികൾ തന്നിൽനിന്ന്  ലഹരി വാങ്ങുന്നുണ്ടെന്നും പ്രതി പറഞ്ഞു.  

സാജിദ് ജമാൽ എം.ഡി.എം.എ കേസിൽ ഒരു വർഷത്തിനിടെ പിടിയിലാവുന്നത് നാലാം തവണയാണ്. 2024 -ൽ 18 കിലോഗ്രാം കഞ്ചാവുമായി ബംഗളൂരു പോലീസിന്റെ പിടിയിലായി ജയിൽവാസം അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങുകയും, 29.08.2025 തിയ്യതി പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ കൂഞ്ഞാമൂല എന്ന സ്ഥലത്തുള്ള V.K.S ഫ്ലാറ്റിനു മുൻവശത്ത് നിന്ന് 32.35 ഗ്രാം MDMA യുമായി പിടിയിലായതിനും, 21.08.2025 തീയ്യതി മെ‍ഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലെ റെയിൻബോ ലോഡ്ജിൽ വെച്ച് 73.8 ഗ്രാം MDMA യുമായി പിടിയിലായതിനും, 2026 ജനുവരിയിൽ കസബ സ്റ്റേഷൻ പരിധിയിലെ മാങ്കാവ് വെച്ചു 38.920 ഗ്രാം MDMA യും, 1,39,600 രൂപയും, 4 മൊബൈൽ ഫോൺ അടക്കം പിടിയിലായതിനും, ടൗൺ, നല്ലളം എന്നീ പോലീസ് സ്റ്റേഷനുകളിൽ മയക്കുനരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും, മയക്കുമരുന്നുമായി പിടിയിലായതിന് പരപ്പനങ്ങാടി എക്സൈസ് റേഞ്ചിലും പ്രതിയ്ക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്നും, പ്രതി ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ടൗൺ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശ്രീജേഷ്.കെ, അസിസ്റ്റന്റെ് സബ്ബ് ഇൻസ്പെക്ടർമാരായ ഷിജു, ബിനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, അനൂപ്, ലിജീഷ് പറമ്പിൽ, സിവിൽ പോലീസ് ഓഫീസർ സന്തോഷ്, സിറ്റി ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിനോജ് പനായി, സരുൺ കുമാർ, ലതീഷ് , അഭിജിത്ത്, അതുൽ, ദിനീഷ്, സുനോജ്, ശ്രീശാന്ത്, മുഹമ്മദ് മഷൂർ, തൗഫീക്ക്, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



Sharing is Caring