സില്‍വർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടർനടപടികളുമായി സംസ്ഥാന സർക്കാർ. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധിതമായി നീക്കം ചെയ്യുമെന്നും, വിജ്ഞാപനം റദ്ദാക്കിയ വിവരം ഭൂവുടമകളെ ഔദ്യോഗികമായി അറിയിക്കുമെന്നും റവന്യൂ മന്ത്രി എ.പി.അനില്‍കുമാർ പറഞ്ഞു. എല്ലാവർക്കും പട്ടയം എന്നതാണ് സർക്കാറിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പദ്ധതി ഉപേക്ഷിച്ച് ബദല്‍ മാർഗ്ഗങ്ങളിലേക്ക് നീങ്ങിയിട്ടും മുൻ ഇടത് സർക്കാർ വിജ്ഞാപനം റദ്ദാക്കിയിരുന്നില്ല.
ഭൂമിയില്‍ മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചതു കാരണം വസ്തുവകകള്‍ വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. മഞ്ഞക്കുറ്റികള്‍ മാറ്റാനുള്ള സർക്കാറിന്റെ തീരുമാനം ഈ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകും.സില്‍വർ ലൈൻ പദ്ധതി പൂർണമായി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടി സമരം ചെയ്തവർക്കെതിരെയുള്ള കേസുകള്‍ പൂർണമായി പിൻവലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിവേഗ പാതയ്ക്ക് സർക്കാർ ഒരിക്കലും എതിരല്ലെന്നും, എന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങളും പ്രായോഗികതയും കണക്കിലെടുത്ത് മാത്രമേ ബദല്‍ സംവിധാനം ആലോചിക്കൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കാസർകോട് മുതല്‍ തിരുവനന്തപുരം വരെ വെറും നാല് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാവുന്ന, 11 സ്റ്റേഷനുകളുള്ള അതിവേഗ റെയില്‍പ്പാതയായിരുന്നു സില്‍വർ ലൈൻ.
എന്നാല്‍ പദ്ധതിയുടെ പരിസ്ഥിതി ആഘാതവും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പ്രാദേശിക ജനവിഭാഗങ്ങളും ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. പ്രക്ഷോഭകർക്കെതിരെ മുൻ സർക്കാർ കടുത്ത പൊലീസ് നടപടികളാണ് സ്വീകരിച്ചിരുന്നത്.