യു.എന്നില്‍ എക്സ്പോ പ്രദർശനത്തിൽ അത്ഭുതപ്പെട്ട് ലോകനേതാക്കള്‍

ദുബൈ: എക്സ്പോ 2020 ദുബൈയുടെ കേന്ദ്രമായിരുന്ന അല്‍ വസ്ല്‍ പ്ലാസയുടെ അകത്തളങ്ങളില്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ പ്രദര്‍ശനം ലോകരാജ്യങ്ങളുടെ സംഗമവേദിയായ ഐക്യരാഷ്ട്രസഭയിലും.
അല്‍ വസ്ലിന്‍റെ ഭീമന്‍ ചുമരുകളില്‍ തെളിഞ്ഞ സുസ്ഥിര വികസന സന്ദേശങ്ങളാണ് ലോകനേതാക്കള്‍ തിങ്ങിനിറഞ്ഞ യു.എന്‍ പൊതുസഭയിലും തിങ്കളാഴ്ച തെളിഞ്ഞത്.

സഭയില്‍ മുമ്ബൊരിക്കലും കണ്ടിട്ടില്ലാത്ത കൂറ്റന്‍ പ്രദര്‍ശനം നേതാക്കളെ അത്ഭുതപ്പെടുത്തും വിധത്തിലുള്ളതായിരുന്നു. സുസ്ഥിര വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അടിയന്തര നടപടികള്‍ ആവശ്യമാണെന്ന സന്ദേശമാണ് പ്രദര്‍ശനത്തിലൂടെ കൈമാറിയത്. പ്രദര്‍ശനത്തിന്‍റെ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ച യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പിന്നില്‍ പ്രവര്‍ത്തിച്ച എക്സ്പോ ടീമിനെ അഭിനന്ദിച്ചു.

പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും സാധ്യതകളും ദുര്‍ബലതയും ഉള്‍ക്കൊള്ളുന്ന സന്ദേശമാണ് ഒരു മിനിറ്റ് നീണ്ട ഷോയില്‍ ഉണ്ടായിരുന്നത്. എക്‌സ്‌പോ ടീമിന്‍റെ സര്‍ഗാത്മക പ്രദര്‍ശനം യു.എന്നിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതിലും അവരുടെ കഴിവുകള്‍ ആഗോളവേദിയില്‍ അംഗീകരിക്കപ്പെട്ടതിലും ഏറെ അഭിമാനമുണ്ടെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ സിറ്റി ദുബൈ അതോറിറ്റി സി.ഇ.ഒയുമായ റീം അല്‍ ഹാഷിമി പറഞ്ഞു.

സുസ്ഥിര വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഒരുമിച്ചുനില്‍ക്കാനും വാഗ്ദാനങ്ങള്‍ പാലിക്കാനും എക്‌സ്‌പോ 2020 ദുബൈ ലോകത്തെ പ്രചോദിപ്പിച്ചുവെന്ന് ആമിന ജെ. മുഹമ്മദ് പറഞ്ഞു. ജനങ്ങള്‍ക്കും ഭൂമിക്കുമായി യു.എ.ഇ പോലുള്ള പങ്കാളികളുമായി ചേര്‍ന്ന് പരിഹാരം കാണാന്‍ കഴിയുമെന്ന് ശുഭാപ്തിവിശ്വാസമുണ്ട്. ഇതിന് നമുക്കേറെ സമയമില്ല. ഇന്ന് ഒരുമിച്ചുനിന്നാല്‍ എല്ലാവര്‍ക്കും നല്ലൊരു ഭാവി സൃഷ്ടിക്കാന്‍ കഴിയും -അവര്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *