കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ല; കേരളത്തിന്റെ ആവശ്യം തള്ളി

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവച്ചുകൊല്ലാന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. നിയന്ത്രണമില്ലാതെ കാട്ടുപന്നികളെ വേട്ടയാടാനുള്ള അനുമതി നല്‍കാനാവില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാന വനംമന്ത്രി എ.കെ ശശീന്ദ്രനുമായുളള ചര്‍ച്ചയിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ കേരളത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട മറ്റു നടപടികള്‍ ആലോചിക്കുമെന്ന് കേന്ദ്ര വനം മന്ത്രി ഉറപ്പ് നല്‍കിയതായി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. അടിയന്തര സഹായമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്രം പരിശോധിക്കും. അടുത്ത മാസത്തോടെ വിഷയം പരിശോധിക്കാന്‍ കേന്ദ്ര സംഘം കേരളം സന്ദര്‍ശിക്കും.

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനം മുന്നോട്ടുവച്ച 620 കോടിയുടെ പദ്ധതിക്ക് കേന്ദ്ര പിന്തുണയുണ്ടാകും. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് സഹായം നല്‍കുമെന്ന് കേന്ദ്ര വനം മന്ത്രി ഉറപ്പ് നല്‍കി. ശാസ്ത്രീയമായ രീതിയില്‍ വനാതിര്‍ത്തികള്‍ നിര്‍ണയിക്കാനായി റവന്യൂ വകുപ്പ് സര്‍വേ നടത്തുന്നുണ്ടെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു.

കൃഷിയിടങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാവുകയും, ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കൂടി വന്നതോടെയാണ് കേരളം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വനം വകുപ്പിന്റെ അനുവാദമില്ലാതെ തന്നെ അവയെ കൊല്ലാന്‍ ആളുകള്‍ക്ക് കഴിയും. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മൂന്നാം പട്ടികയില്‍ ഉള്‍പ്പെടുന്ന ജീവിയാണ് കാട്ടുപന്നി. പന്നികളുടെ എണ്ണം എത്രത്തോളം വര്‍ദ്ധിച്ചുവെന്നതില്‍ വ്യക്തതയില്ല. രണ്ട് വര്‍ഷത്തേക്കെങ്കിലും കാട്ടുപന്നികളെ കൊല്ലാന്‍ പ്രത്യേക അനുമതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷമേ അന്തിമ തീരുമാനം അറിയുകയുള്ളു. അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാണ് കേരളം ഉന്നയിച്ച ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *