മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിലേക്ക് എസ്എഫ്ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിയുന്നതെന്ന ചോദ്യവുമായി കായിക മന്ത്രി ഒ.ജെ.ജനീഷ്. തലസ്ഥാനത്ത് ഇന്നലെ യൂത്ത് കോൺഗ്രസിന്റെ സമരം നടന്നത് ഗ്യാനേഷ് കുമാറിനെതിരെയാണ്, കേന്ദ്രത്തിനെതിരെയാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ചോദിച്ചു. ഗ്യാനേഷ് കുമാറിനെതിരെയും കേന്ദ്രത്തിനെതിരെയും നടന്ന പ്രതിഷേധത്തിന് നേരെ എന്തിനാണ് എസ്എഫ്ഐ ബീയർ കുപ്പി എറിയുന്നത്? യൂത്ത് കോൺഗ്രസിന്റെ മാർച്ചിന്റെ പിൻനിരയിലേക്കാണ് കല്ലെറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ വാഹനം എടുക്കാനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ വീണ്ടും കല്ലെറിഞ്ഞതായും മന്ത്രി ജനീഷ് ആരോപിച്ചു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിനിടെയാണ് സംഘർഷത്തിന് തുടക്കമായത്. യൂണിവേഴ്സിറ്റി കോളജിൽനിന്ന് മാർച്ചിന് നേരെ കല്ലേറുണ്ടായെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലേക്ക് തീപ്പന്തം എറിഞ്ഞതോടെ സംഘർഷം രൂക്ഷമായി. നേതാക്കൾ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ വൻ സംഘർഷമുണ്ടായി.സംഘർഷത്തിനിടെ ക്യാമ്പസിനകത്ത് പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടെ കോളജ് ഹോസ്റ്റലിന് സമീപം എസ്എഫ്ഐ പ്രവർത്തകർ തമ്പടിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.

തുടർന്ന് ഹോസ്റ്റൽ വളപ്പിനകത്ത് പ്രവേശിച്ചും പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പൊലീസ് നടപടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമത്തിലും പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാനവ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സെക്രട്ടേറിയറ്റിലേക്കും ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.











