വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ പ്രതിഷേധം തുടരുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ പ്രതിഷേധം തുടരുന്നു. സമരക്കാര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. ബാരിക്കേഡ് മറികടന്ന് സമരക്കാര്‍ അകത്തേക്ക് കയറി. തടയാന്‍ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. പൊലീസിന് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

തുറമുഖ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി പ്രതിഷേധിക്കാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നത്. സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവൂ, പദ്ധതി തടസ്സപ്പെടുത്താനോ, പ്രദേശത്ത് അതിക്രമിച്ചു കയറുവാനോ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.

സമരത്തെത്തുടര്‍ന്ന് ആഗസ്ത് 16 മുതല്‍ വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം തടസ്സപ്പെട്ടിരിക്കുകയാണ്. വിഴിഞ്ഞം സമരത്തില്‍ നിന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജികളിലാണ് കോടതി ഇന്നലെ ഇടക്കാല ഉത്തരവിറക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *