‘കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കും’; വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്‌

കൊല്ലം നിലമേലിലെ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി. വിസ്മയയുടെ കുടുംബം കത്ത് പൊലീസിന് കൈമാറി.

കഴിഞ്ഞ ദിവസമാണ് നിലമേലിലെ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയത്. പത്തനംതിട്ടയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ നിന്ന് പിന്മാറണമെന്നും, പിന്മാറിയാൽ ആവശ്യപ്പെടുന്ന പണം നൽകാമെന്നും കത്തിൽ പറയുന്നു. കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ വിധി തന്നെ സഹോദരൻ വിജിത്തിന് ഉണ്ടാകുമെന്നും കത്തിൽ പരാമർശമുണ്ട്. കത്ത് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ ചടയമംഗലം പൊലീസിന് കൈമാറി. ചടയമംഗലം പൊലീസ് തുടർനടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു. ത്രിവിക്രമൻ നായരുടെ മൊഴിയും രേഖപ്പെടുത്തി.

കത്തെഴുതിയത് കിരൺകുമാറാകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. കേസിൻ്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമണോ എന്നും പൊലീസ് സംശയിക്കുന്നു. കേസിൻ്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഭീഷണി കത്ത് എത്തിയത് എന്നതും ശ്രദ്ധേയമാണ്.

വെള്ളിയാഴ്ചയാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതി കിരണ്‍കുമാര്‍ അറസ്റ്റിലായി 80 ആം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *