മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് അവാര്‍ഡ് നല്‍കും- വനിതാ കമ്മീഷന്‍ അധ്യക്ഷ

കോഴിക്കോട്: മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് അവാര്‍ഡ് നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവര്‍. ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത് തുടങ്ങിയ നാല് തലങ്ങളില്‍ ഓരോ അവാര്‍ഡുകളാണ് നല്‍കുക. ജാഗ്രത സമിതികള്‍ കാര്യക്ഷമമാകുന്നതിലൂടെ കമ്മീഷന് മുന്നില്‍ എത്തുന്ന പരാതികള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അദാലത്തില്‍ 80 പരാതികളാണ് കമ്മീഷന് മുന്നില്‍ എത്തിയത്. ഇതില്‍ 25 എണ്ണം തീര്‍പ്പാക്കി. തുടര്‍ച്ചയായുള്ള കൗണ്‍സിലിങ്ങിലൂടെ ഒരു ദമ്പതികളെ ഒന്നിപ്പിക്കാന്‍ കമ്മീഷന് സാധിച്ചു. 48 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. എഴ് പരാതികളില്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും കമ്മീഷന്‍ പരിഗണിച്ചു. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് മാനസിക പ്രയാസം അനുഭവിക്കുന്ന കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് ലഭ്യമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരാതി പെടാനും അതിന് പരിഹാരം തേടാനാവശ്യമായ സംവിധാനം ഉറപ്പുവരുത്തണമെന്നുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാ ത്രിതല പഞ്ചായത്തിലും ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള ശുപാര്‍ശയും സമര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കമ്മീഷന്‍ ഡയറക്ടര്‍ എസ്.പി ഷാജി സുഗുണന്‍, അഭിഭാഷകരായ റീന സുകുമാരന്‍, മിനി, ശരണ്‍പ്രേം, ലിസി തുടങ്ങിയവര്‍ അദാലത്തില്‍ പരാതികള്‍ കേട്ടു. ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ നിന്നുള്ള കൗണ്‍സിലര്‍മാരുടെ സേവനവും സിറ്റിങില്‍ ലഭ്യമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *