
കേരളത്തിലെ പൊലീസ് സംവിധാനം ഇപ്പോഴും എത്രയേറെ അപരിഷ്‌കൃതമായി തുടരുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ധര്‍മ്മടത്ത് കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നിയമസഭാ മണ്ഡലമാണിത് ധര്‍മ്മടം, ആഭ്യന്തര വകുപ്പും ഭരിക്കുന്നത് അദ്ദേഹമാണ്. വിഷു ദിനത്തില്‍ വൃദ്ധമാതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ധര്‍മ്മടം എസ്.എച്ച്.ഒ ക്രൂരമായാണ് മര്‍ദിച്ചത്.
സ്റ്റേഷന്‍ ചുമതലയുള്ള ഈ ഉദ്യോഗസ്ഥന്‍ ഇവരുടെ കാറും തല്ലിത്തകര്‍ത്തു. മദ്യ ലഹരിയിലായിരുന്നു ഈ ഉദ്യോഗസ്ഥര്‍ എന്ന് പൊലീസ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.ധര്‍മ്മടത്തേത് ഒറ്റപ്പെട്ടസംഭവമല്ലന്നും വി ഡി സതീശന്‍ പറഞ്ഞു. തൃപ്പൂണിത്തുറ, എറണാകുളം കളമശേരി പൊലീസ് സ്റ്റേഷനുകളില്‍ ജനപ്രതിനിധികളടക്കമുളളവര്‍ക്ക് ക്രൂരമായി പൊലീസ് മര്‍ദ്ദനങ്ങളുണ്ടായി. എന്നാല്‍ ഈ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.

സി പി എമ്മിന് വേണ്ടപ്പെട്ടവരായാല്‍ ഏത് ക്രിമിനലിനെയും സംരക്ഷിക്കുമെന്ന സന്ദേശമാണ് പൊലീസ് നല്‍കുന്നത്.ക്രിമിനല്‍ മനസുള്ള ഉദ്യോഗസ്ഥര്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാരും പാര്‍ട്ടിയും തന്നെയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ സേനയില്‍ ഒരു നിയന്ത്രണവുമില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
