ഒമിക്രോണ്‍ ;യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി

കോവിഡ് വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വൈറസിന് യാതൊരു അതിരുകളുമില്ല. ചില രാജ്യങ്ങളെയും, പ്രദേശത്തെയും മാത്രം ഒറ്റപ്പെടുത്തുന്ന തരം യാത്രാവിലക്കുകള്‍ അന്യായമാണെന്നും, ഫലപ്രദമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യാത്രാക്കാരുടെ പരിശോധനയുടെ എണ്ണം കൂട്ടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ വകഭേദം ആദ്യമായി സ്ഥിരീകരിച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് നിരവധി രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ രംഗത്തെത്തിയത്. പുതിയ വകഭേദത്തെ കണ്ടെത്തി നിര്‍ണ്ണായക ശാസ്ത്ര, ആരോഗ്യ വിവരങ്ങള്‍ ലോകവുമായി പങ്കുവെച്ച രാജ്യങ്ങളെ കൂട്ടമായി ശിക്ഷിക്കരുതെന്ന് ഗുട്ടെറസ് പറഞ്ഞു. മറ്റ് ഉചിതവും, ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കുകയും, യാത്രക്കാരുടെ പരിശോധന കൂട്ടുകയും വേണം. യാത്രയും സാമ്പത്തിക ഇടപെടലും നടക്കുന്നതിനൊപ്പം തന്നെ വൈറസ് വ്യാപനം കുറയ്ക്കാനുള്ള ഉചിതമായ മാര്‍ഗ്ഗം ഇതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് തങ്ങളെ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാഫമോസ പറഞ്ഞിരുന്നു. യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയമായ അടിത്തറ ഇല്ല. ഈ നടപടി ജി 20 ഉച്ചകോടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണ്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് നിരാശാജനകമാണെന്നും ലോകരാജ്യങ്ങള്‍ ഇതില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കോവിഡിന് ശേഷം പതിയെ ഉയര്‍ന്നുവരുന്ന ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക നിലയെ തന്നെ യാത്രാവിലക്കുകള്‍ പ്രതികൂലമായി ബാധിക്കും. നെതര്‍ലാന്‍ഡ്സ് മുതല്‍ ബ്രിട്ടന്‍, കാനഡ, ഹോങ്കോംഗ് വരെ എല്ലായിടത്തും കണ്ടെത്തിയ ഒരു വകഭേദമായിട്ടും തങ്ങളെ മാത്രം ശിക്ഷിക്കുന്നുവെന്ന് ദക്ഷിണാഫ്രിക്കയിലെ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ഇത് ആഫ്രോ ഫോബിയ ആണെന്ന് മലാവിയുടെ പ്രസിഡന്റ് ലസാറസ് ചക്വേരയും ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *