ന്യൂഡല്‍ഹി: യു പി എ സര്‍ക്കാരിന്റെ അധികാരകേന്ദ്രം സോണിയാഗാന്ധിയാണെന്ന് പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍. ആദ്യ യു പി എ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു തന്റെ ‘ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍, ദ മേക്കിംഗ് ആന്റ് അണ്‍മേക്കിംഗ് എഫ് മന്‍മോഹന്‍സിംഗ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ അധികാരങ്ങള്‍ കയ്യടക്കി ബാഹ്യ അധികാര ശക്തിയായി യു പി എ അധ്യക്ഷയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധി പ്രവര്‍ത്തിക്കുന്നു എന്ന് ഒന്നാം യു പി എ സര്‍ക്കാരിന്റെ തുടക്കം മുതല്‍ പ്രതിപക്ഷ കക്ഷികളും ജനാധിപത്യ സ്‌നേഹികളും മാധ്യമങ്ങളും വ്യക്തമാക്കിയിരുന്നതാണ്. രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്ത് ഭരണം പൂര്‍ണമായി സോണിയയുടെ കൈകളിലായി എന്ന ആരോപണവും ശക്തമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സോണിയയുടെ കയ്യിലെ പാവയാണെന്ന ക്രൂരവിമര്‍ശനം പോലും പ്രധാനമന്ത്രിയുടെ നേര്‍ക്ക് ഉണ്ടായിട്ടുണ്ട്.
സോണിയാഗാന്ധിക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടിരുന്നുവെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. ഉയര്‍ന്ന പദവി ദുരുപയോഗപ്പെടുത്താനാണ് മുന്‍ മാധ്യമ ഉപദേഷ്ടാവ് ശ്രമിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ മാധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി കുറ്റപ്പടുത്തിയത്.
FLASHNEWS