കോയമ്പത്തൂരില്‍ പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം;ചോദ്യത്തില്‍ നിന്ന് ചിരിച്ച് ഒഴിഞ്ഞുമാറി ടിവികെ മന്ത്രി


കോയമ്പത്തൂരില്‍ പത്തുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്ന് ചിരിച്ച് ഒഴിഞ്ഞുമാറി ടിവികെ മന്ത്രി. എസ് കീര്‍ത്തനയാണ് രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ക്ക് പിന്നീട് ഉത്തരം നല്‍കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത്. കോയമ്പത്തൂരിലെ സംഭവം തമിഴ്‌നാടിനെ തന്നെ ഞെട്ടിക്കുന്നതായിരുന്നു, ഒരു സ്ത്രീയെന്ന നിലയില്‍ എങ്ങനെയാണ് ഈ വിഷയം നോക്കിക്കാണുന്നത്, എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘ഇപ്പോള്‍ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കൂ, രാഷ്ട്രീയ കാര്യങ്ങളൊക്കെ പിന്നീട് സംസാരിക്കാം’ എന്നായിരുന്നു ചിരിച്ചുകൊണ്ടുളള മന്ത്രിയുടെ മറുപടി.


മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ‘തലൈവര്‍ എന്ത് തീരുമാനമെടുത്താലും അത് ശരിയായിരിക്കും’ എന്നായിരുന്നു അവരുടെ മറുപടി.സംഭവത്തില്‍ കീര്‍ത്തനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. മന്ത്രിയുടേത് ഹൃദയശൂന്യമായ പെരുമാറ്റമാണ് എന്നും പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിനെക്കുറിച്ചുളള ചോദ്യത്തിന്, ഭരണപരമായ ചോദ്യങ്ങള്‍ക്കേ മറുപടി നല്‍കൂ എന്ന് പറഞ്ഞ് മന്ത്രി ചിരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

online news portal

ഡിഎംകെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് അതിവൈകാരികമായി കീര്‍ത്തന സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പത്തുവയസുകാരിയുടെ കൊലപാതകത്തെക്കുറിച്ചുളള വിവരങ്ങള്‍ അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന് എത്തിയ പൊലീസുകാര്‍ പൊട്ടിച്ചിരിക്കുന്നതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൊലീസ് തന്നെ വിളിച്ച വാര്‍ത്താസമ്മേളന ദൃശ്യങ്ങളാണ് വിവാദമായത്.

കോയമ്പത്തൂര്‍ വെസ്റ്റ് ജോണ്‍ ഐജി ആര്‍ വി രമ്യ ഭാരതി, കോയമ്പത്തൂര്‍ റേഞ്ച് ഡിഐജി പി സാമിനാഥന്‍, എസ്പി അല്ലട്ടിപ്പളളി പവന്‍കുമാര്‍ റെഡ്ഡി എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് തൊട്ടുമുന്‍പ് ഐജിയും ഡിഐജിയും എസ്പിയും പരസ്പരം സംസാരിച്ച് പൊട്ടിച്ചിരിക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വ്യാപക വിമര്‍ശനത്തിന് ഇടയാവുകയും ചെയ്തു.മെയ് 21-നാണ് കോയമ്പത്തൂർ സുളൂരിൽ പത്തുവയസുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയടക്കം രണ്ടുപേർ അറസ്റ്റിലായിരുന്നു.  നാഗപട്ടണം സ്വദേശി കാര്‍ത്തിക്, സുഹൃത്ത് മോഹന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

കുട്ടിയെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്ന് സിസിടിവികള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം സുലൂരില്‍ ഒരു കുളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നീതി ആവശ്യപ്പെട്ട് സുലൂര്‍ പൊലീസ് സ്റ്റേഷന് പുറത്ത് പ്രകടനം നടത്തിയിരുന്നു.  നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പുലഭിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികരണവുമായി വിജയ് രംഗത്തെത്തി. ഞെട്ടലും അത്യധികം വേദനയുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നും ഇത്തരം സംഭവങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും വിജയ് പറഞ്ഞു.



Sharing is Caring