അമേരിക്കയുടെ ദേശീയ താൽപ്പര്യം മുൻനിർത്തി റഷ്യയ്ക്കും ഇറാനും എതിരായ ഉപരോധങ്ങളും നിയന്ത്രണങ്ങളും തീരുവകളും ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ പ്രകാരമുള്ള നടപടികളിലാണ് ഇളവ് അനുവദിച്ചത്. വെള്ളിയാഴ്ച പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇളവ് അമേരിക്കയുടെ ദേശീയ താൽപ്പര്യത്തിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിന് ഔദ്യോഗിക സർട്ടിഫിക്കറ്റും സമർപ്പിച്ചതായി അദ്ദേഹം അറിയിച്ചു.റഷ്യയുടെ ഊർജ മേഖലയെയും അവിടെനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള നിയമമാണ് ലിൻഡ്സെ ഗ്രഹാം നിയമം.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ മോസ്കോയ്ക്ക് മേലുള്ള സാമ്പത്തിക സമ്മർദം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. റഷ്യൻ ഉൽപ്പന്നങ്ങൾക്ക് 500 ശതമാനം വരെ തീരുവ വർധിപ്പിക്കാനുള്ള വ്യവസ്ഥയും ഇതിൽ ഉൾപ്പെട്ടിരുന്നു.ഒക്ടോബർ 18നോ അതിനുശേഷമോ റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്താനും നിയമം ലക്ഷ്യമിട്ടിരുന്നു. എന്നാൽ പുതിയ ഉത്തരവിലൂടെ ഈ തീരുവകളും നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് ട്രംപ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ റഷ്യയിൽനിന്ന് ഊർജ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.













