ഇറാന്റെ വെടിനിർത്തൽ നിർദേശം തള്ളി ട്രംപ്


trump

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതായി റിപ്പോർട്ട്. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് സഹായികളോട് വ്യക്തമാക്കിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.


ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുക, എണ്ണ കയറ്റുമതിക്കുള്ള ഉപരോധം ലഘൂകരിക്കുക, ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ നടപ്പാക്കുക തുടങ്ങിയവയാണ് ഇറാൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ. ഇവ അംഗീകരിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കാനും ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വാഷിങ്ടണുമായി പുനരാരംഭിക്കാനും തയ്യാറാണെന്നാണ് ഇറാൻ അറിയിച്ചത്.ആണവ പദ്ധതി പൂർണമായി അവസാനിപ്പിക്കുന്ന കരാറിനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. എന്നാൽ ഇറാൻ നൽകിയ ഉറപ്പുകൾ പാലിക്കുമോയെന്ന കാര്യത്തിൽ ട്രംപിന് സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ ബോംബാക്രമണം പുനരാരംഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ട്രംപ് സഹായികളോട് വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.


ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദേശം അമേരിക്കയ്ക്ക് മുന്നിൽ വച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു. ആവശ്യമായ നിബന്ധനകൾ പാലിച്ചാൽ ഏഴ് ദിവസത്തിനകം സാധാരണ ഗതിയിലുള്ള ഗതാഗതം പുനഃസ്ഥാപിക്കാമെന്നും തീരുമാനം ഇനി അമേരിക്കയുടേതാണെന്നും അദ്ദേഹം പറഞ്ഞു.അമേരിക്ക നാവിക ഉപരോധവും എണ്ണ വിൽപ്പനയ്ക്കുള്ള ഉപരോധങ്ങളും പിൻവലിക്കുകയും ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ പാലിക്കുകയും വേണമെന്നാണ് ഇറാന്റെ ആവശ്യം. ഇതിന് നാലോ അഞ്ചോ ദിവസമെടുക്കുമെന്നും ആറാം ദിവസം ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും ഏഴാം ദിവസം അന്തിമ കരാറിനായുള്ള ചർച്ചകൾ ആരംഭിക്കാമെന്നുമായിരുന്നു നിർദേശം.

മധ്യസ്ഥരായ ഖത്തർ വഴിയാണ് ഈ സന്ദേശം ഇറാൻ ട്രംപിന് കൈമാറിയത്.അമേരിക്കയുമായുള്ള തർക്കത്തിൽ ഇറാന്റെ പ്രധാന സമ്മർദ ഉപാധികളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോളതലത്തിൽ വ്യാപാരം ചെയ്യുന്ന എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് ഈ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോള ഊർജ വിപണികളിലും പ്രതിഫലനമുണ്ടായി.



Sharing is Caring