സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് ട്രംപ്


യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2026ലെ സമാധാന നൊബേൽ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ട്രംപ് വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയത്. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതാണ് തന്റെ പ്രധാന നേട്ടമെന്നും മറ്റൊരു സംഘർഷം കൂടി ഉടൻ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.‘മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് താൻ ചെയ്തിട്ടുള്ളത്. വീമ്പുപറയുന്നതല്ല, വസ്തുതകൾ പറയുകയാണ്.


എട്ട് യുദ്ധങ്ങളാണ് താൻ അവസാനിപ്പിച്ചത്. ഒരു പ്രസിഡന്റും ഇത്രയും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടാകില്ല’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നൊബേൽ കമ്മിറ്റി തനിക്ക് പുരസ്കാരം നൽകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും, എന്നാൽ താൻ സമാധാനത്തിനായി ചെയ്ത കാര്യങ്ങൾ അവഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ-പാകിസ്ഥാൻ, ഇസ്രയേൽ-ഇറാൻ, കംബോഡിയ-തായ്‌ലൻഡ്, സെർബിയ-കൊസോവോ, റുവാണ്ട-കോംഗോ, ഈജിപ്ത്-എത്യോപ്യ, അർമേനിയ-അസർബൈജാൻ തുടങ്ങിയ സംഘർഷങ്ങളിൽ ഇടപെട്ട് സമാധാനം കൊണ്ടുവന്നെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ ഈ സംഘർഷങ്ങളിലെല്ലാം തന്റെ ഇടപെടലിന്റെ വ്യാപ്തി സംബന്ധിച്ച് ഒരേ നിലപാടല്ല ബന്ധപ്പെട്ട രാജ്യങ്ങൾ സ്വീകരിച്ചിട്ടുള്ളത്.


ചില മേഖലകളിൽ പിന്നീട് വീണ്ടും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്.ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടാണ് വെടിനിർത്തൽ സാധ്യമാക്കിയതെന്ന ട്രംപിന്റെ വാദം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. സൈനിക നടപടി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ധാരണ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലവിലുള്ള സൈനിക ചാനലുകളിലൂടെയാണ് നേരിട്ട് ഉണ്ടായതെന്നും മൂന്നാംകക്ഷി മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്. അതേസമയം, പാകിസ്ഥാൻ ട്രംപിന്റെ ഇടപെടലിനെ പ്രശംസിക്കുകയും 2026ലെ സമാധാന നൊബേലിനായി അദ്ദേഹത്തെ നാമനിർദേശം ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു.



Sharing is Caring