വെനസ്വേലയുമായി ചരിത്രപരമായ എണ്ണ കരാറിലെത്തിയതായി ട്രംപ്


യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വെനസ്വേലയുമായി ചരിത്രപരമായ എണ്ണ കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലയുടെ 65 ബില്യണിലധികം ബാരൽ വരുന്ന എണ്ണശേഖരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് സാധിക്കുന്ന തരത്തിലാണ് കരാറെന്നാണ് ട്രംപിന്റെ അവകാശവാദം. ഇതിലൂടെ അമേരിക്കയുടെ എണ്ണവിതരണം ഇരട്ടിയിലധികമായി വർധിക്കുമെന്നും ഇന്ധനവില ഗണ്യമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയിൽ എണ്ണവില ഗാലണിന് നാല് ഡോളർ പിന്നിട്ട സാഹചര്യത്തിലാണ് ട്രംപിന്റെ ഇടപെടൽ. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ ഇന്ധനവില നിയന്ത്രിക്കാനുള്ള നീക്കമായാണ് നടപടിയെ വിലയിരുത്തുന്നത്.


‘ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കരാറുകളിലൊന്ന്’ എന്നാണ് ട്രംപ് ഇടപാടിനെ വിശേഷിപ്പിച്ചത്. തന്റെ നിർദേശപ്രകാരം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി നടത്തിയ ചർച്ചകളിലാണ് ധാരണയായതെന്നും ട്രംപ് വ്യക്തമാക്കി.സ്വകാര്യ പങ്കാളിത്തത്തോടെയാണ് കരാർ നടപ്പാക്കുകയെന്നും അമേരിക്കൻ നികുതിദായകർക്ക് അധിക സാമ്പത്തിക ബാധ്യതയില്ലാതെ വെനസ്വേലയുടെ വൻ എണ്ണശേഖരത്തിൽ ഭൂരിഭാഗം നിയന്ത്രണം അമേരിക്ക ഉറപ്പാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.കരാർ അമേരിക്കയുടെ എണ്ണവിതരണം ഗണ്യമായി വർധിപ്പിക്കുകയും ഇന്ധനവില കുറയ്ക്കുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.


അതോടൊപ്പം വെനസ്വേലയെ സാമ്പത്തിക സമൃദ്ധിയിലേക്ക് നയിക്കാനും കരാർ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.അതേസമയം, ദേശീയ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കൽ, ജനങ്ങളുടെ ക്ഷേമം എന്നിവയ്ക്കായി രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഡെൽസി റോഡ്രിഗസ് പ്രതികരിച്ചു. ആഗോള ഊർജമേഖലയിലെ ശക്തമായ സാന്നിധ്യമായി വെനസ്വേലയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.



Sharing is Caring