അശ്വിനി
മഴയെ ശരിക്കും അറിയണമെങ്കിൽ കോഴിക്കോടിന്റെ കിഴക്കൻ മലമ്പ്രദേശങ്ങളിലേക്ക് ഒരു യാത്ര പോയാൽ മതി. മൺസൂൺ കാലമെത്തുമ്പോൾ കോടമഞ്ഞ് പുതച്ച മലനിരകളും പച്ചപ്പിൽ മുങ്ങിയ താഴ്വരകളും മഴത്തുള്ളികളുടെ സംഗീതവും ചേർന്ന് ഈ പ്രദേശങ്ങളെ ഒരു സ്വപ്നലോകമാക്കി മാറ്റുന്നു.ആ യാത്രയുടെ ആദ്യ കാഴ്ചയാണ് വയലട.

മലബാറിന്റെ ഗവി എന്നും കോഴിക്കോടിന്റെ ഊട്ടി എന്നും അറിയപ്പെടുന്ന വയലട, പ്രകൃതിസ്നേഹികളുടെ പ്രിയപ്പെട്ട ഇടമാണ്. വ്യൂ പോയിന്റിൽ നിന്ന് നോക്കുമ്പോൾ പച്ചപ്പിനിടയിൽ ചിത്രം വരച്ചുവെച്ചതുപോലെ കിടക്കുന്ന കക്കയം ഡാം കണ്ണുകളെ വിസ്മയിപ്പിക്കും. മലഞ്ചെരിവുകളിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം ചെറിയ വെള്ളച്ചാട്ടങ്ങളായി പാറകളിൽ പതിക്കുമ്പോൾ പ്രകൃതി തന്നെ ഒരുക്കുന്ന മനോഹര കാഴ്ചകളാണ് അവിടെ കാണാൻ കഴിയുന്നത്.വയലടയിൽ നിന്ന് യാത്ര തുടർന്നാൽ എത്തിച്ചേരുന്നത് കോഴിക്കോടിന്റെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കരിയാത്തൻപാറയിലേക്കാണ്.
പച്ചപ്പുൽമേടുകളുടെ നടുവിലൂടെ ഒഴുകുന്ന ചെറിയ അരുവിയും ചുറ്റും കോടമഞ്ഞിൽ മറഞ്ഞു നിൽക്കുന്ന മലനിരകളും കരിയാത്തൻപാറയെ അതീവ സുന്ദരിയാക്കുന്നു. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് അകന്ന്, ഇന്റർനെറ്റ് ശബ്ദങ്ങളില്ലാതെ, പ്രകൃതിയുടെ ശുദ്ധമായ നിശ്ശബ്ദത ആസ്വദിക്കാൻ കഴിയുന്ന അപൂർവ ഇടമാണ് ഇത്. പശുക്കളെ മേയിക്കാൻ എത്തുന്ന കർഷകരും മലമുകളിലൂടെ ഒഴുകുന്ന തണുത്ത കാറ്റും ചേർന്ന് മറ്റൊരു ലോകത്തിന്റെ അനുഭവമാണ് മൺസൂൺ മാസത്തിൽ ഇവിടെ സമ്മാനിക്കുന്നത്.കരിയാത്തൻപാറയിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ പിന്നിട്ടാൽ കക്കയം ഡാമിലെത്താം.
മഴക്കാടുകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന കക്കയം, മൺസൂൺ കാലത്ത് അതിന്റെ ഏറ്റവും മനോഹരമായ രൂപത്തിലാണ്. കോടമഞ്ഞിൽ പൊതിഞ്ഞ അണക്കെട്ടും വിശാലമായ തടാകവും പച്ചപ്പാർന്ന വനങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു. ആനകളും കാട്ടുപോത്തുകളും ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം ഈ പ്രദേശത്തെ കൂടുതൽ സവിശേഷമാക്കുന്നു.
മഴയും മഞ്ഞും മലകളും ചേർന്ന് തീർക്കുന്ന ഈ പ്രകൃതി വിസ്മയങ്ങൾ ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും വിളിച്ചുവരുത്തും. അതുകൊണ്ടുതന്നെ മൺസൂൺ കാലത്ത് കോഴിക്കോടിന്റെ കിഴക്കൻ മലനിരകളിലേക്ക് എത്തുന്നവർ നിരാശരാകാറില്ല. മറിച്ച്, പ്രകൃതിയുടെ ആ സൗന്ദര്യം മനസ്സിൽ നിറച്ച് വീണ്ടും വരാമെന്ന വാഗ്ദാനവുമായി മടങ്ങുകയാണ് പതിവ്.














