തിരുവല്ലയിലെ കര്‍ഷകന്റെ ആത്മഹത്യ; ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി കൃഷിമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട തിരുവല്ലയിൽ കടബാധ്യത മൂലം കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി കൃഷിമന്ത്രി പി പ്രസാദ്. മരിച്ച രാജീവന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു. കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

നിരണത്താണ് കൃഷിനാശവും ബാങ്ക് ബാധ്യതയും മൂലം നെൽക്കർഷകൻ ആത്മഹത്യ ചെയ്തത്. നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവാണ് മരിച്ചത്. ഇയാൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിൽ ഇന്നലെ രാത്രിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൃഷി ആവശ്യത്തിനായി ഇയാള്‍ ബാങ്കുകളില്‍ നിന്നും അയല്‍ കൂട്ടങ്ങളില്‍ നിന്നും വായ്പ എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ മഴ മൂലം കൃഷി നശിച്ച് രാജീവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. സര്‍ക്കാര്‍ ധനസഹായമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ 10 കര്‍ഷകര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. റിട്ടിലെ ഹര്‍ജിക്കാരനായിരുന്നു രാജീവ്. ഈ വര്‍ഷവും 10 ഏക്കറോളം നെല്‍വയല്‍ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചെങ്കിലും ഇക്കുറിയും മഴ ചതിച്ചു. വായ്പ്പതുക തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അത്മഹത്യയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *