മിഠായി തെരുവ് സത്രം കെട്ടിടത്തിൽ കാവൽക്കാരനില്ല; ചീഞ്ഞളിഞ്ഞ് മാലിന്യങ്ങൾ കുന്ന് കൂടുന്നു.

കോഴിക്കോട് : മിഠായി തെരുവിലെ കോർപ്പറേഷൻ കെട്ടിടമായ സത്രം ബിൽഡിംഗിന്റെ പാർക്കിംഗ് സ്ഥലത്ത് മാലിന്യങ്ങൾ നിറയ്ക്കുന്നു.

കാവൽക്കാരനില്ലാത്ത കെട്ടിടത്തിൽ പുറമെ നിന്നുള്ള കച്ചവടക്കാരും മറ്റുമാണ് പ്ലാസ്റ്റിക്കും ഭക്ഷണ മാലിന്യങ്ങളും കൊണ്ടിടുന്നത്. രണ്ടര പതിറ്റാണ്ടോളം ഈ കെട്ടിടത്തിന്റെ പിൻവശവും മുകൾ ഭാഗവും പാർക്കിംഗ് സ്ഥലവും കേരളസർക്കാരിന്റെ കീഴിലുള്ള കെ.ടി.ഡി.സി ഹോട്ടൽ ശൃംഖല വാടകക്കെടുത്ത് ഹോട്ടലും
ബിയർ പാർലറും നടത്തിവരികയായിരുന്നു. എന്നാൽ അഞ്ച് വർഷം മുമ്പ് വാടക കരാർ കാലാവധി കഴിഞ്ഞ് കെ.ട്ടി.ഡി.സി ഹോട്ടലും അനുബന്ധ സ്ഥാപനങ്ങളും ഒഴിയുകയായിരുന്നു. കരാർ പുതുക്കി നൽകാൻ കെ.ടി.ഡി.സി അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും കെട്ടിടത്തിന് ബലക്കുറവുണ്ടെന്ന കാരണത്താൽ കെ.ടി.ഡി.സി.ക്ക് വാടക കരാർ പുതുക്കി നൽകിയിരുന്നില്ല. ഇതിന് ശേഷം ഈ ഭാഗങ്ങൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത് മുതലെടുത്താണ് കെട്ടിടത്തിന് പുറത്തു നിന്നുമുള്ള ആളുകൾ ഗേറ്റ് ചാടിക്കടന്ന് മാലിന്യങ്ങൾ തള്ളുന്നത്. ആഘോഷ വേളകളിൽ മേളകൾ നടക്കുമ്പോൾ മാത്രമാണ് ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കെട്ടിടത്തിൽ കാവൽക്കാരനെ നിർത്തിയാൽ മാത്രമേ പുറമെ നിന്നും മാലിന്യങ്ങൾ കൊണ്ടിടുന്നത് തടയാൻ കഴിയു. മഴ പെയ്തു തുടങ്ങിയതോടെ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ അവസ്ഥയിലാണ്. സത്രം കെട്ടിടം പൊളിച്ച് പാർക്കിംഗ് പ്ലാസ പണിയുന്നുണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ അതിനുള്ള പ്രാഥമിക നടപടികൾ പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *