വാട്സാപ്പിലൂടെ വ്യാജ നിയമനോത്തരവ്, ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

ഹൈക്കോടതിയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റിലായി.

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭികൃഷ്ണ (28) യാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന വ്യാജേന രേഖകള്‍ ചമച്ചാണ് തട്ടിപ്പ് നടത്തിയത്.

5,95,250 രൂപയാണ് സുരഭി തട്ടിയെടുത്തത്. പറക്കോണം സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതിയില്‍ സ്റ്റെനോഗ്രാഫര്‍ ആണെന്നാണ് യുവതി പറഞ്ഞത്. യുവാവിനെ ഫോണില്‍ വിളിച്ച പ്രതി, തന്റെ സ്വാധീനം ഉപയോഗിച്ച്‌ ജോലി ശരിയാക്കാം എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഹൈക്കോടതിയില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ശരിയാക്കുന്നതിന് യുവാവിനോട് പണം ആവശ്യ‌പ്പെടുകയായിരുന്നു. പിന്നാലെ പരാതിക്കാരന്റെ പുല്ലാട് കേരള ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നു പ്രതിയുടെ അക്കൗണ്ടിലേക്ക് ആദ്യം 9,000 രൂപയും, രണ്ടാമത് 3,45,250 രൂപയും നല്കി. പിന്നീട് ഒരുലക്ഷം രൂപ നേരിട്ടും കൈപ്പറ്റി. ഇതിന് പുറമേ സഹോദരന്മാര്‍ക്കും സുഹൃത്തിനും ഡ്രൈവറുടെ ഒഴിവിലേക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാക്കുനല്‍കി 1.5 ലക്ഷം രൂപയും അക്കൗണ്ടിലേക്ക് അയപ്പിച്ചു.

5.95 ലക്ഷം രൂപ തട്ടിയെടുത്തു എന്നത് കേസായതിനെത്തുടര്‍ന്ന് സുരഭി കൃഷ്ണ ജാമ്യമെടുത്ത് ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചു, ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ നിന്നു കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. ഇതിനിടെ, ജോലി ആവശ്യപ്പെട്ട യുവാവിന് ആറ് ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കി. ജോലിയില്‍ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകള്‍ ഒറിജിനല്‍ എന്ന് തോന്നിപ്പിക്കുംവിധം വാട്‌സാപ്പ് വഴി അയച്ചുകൊടുത്തും പ്രതി വഞ്ചിച്ചു. കോയിപ്രം പൊലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ പിടികൂടിയത്. എസ്.ഐ. അനൂപ്, എം.എ.ഷെബി, സുജിത്, അഭിലാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *