പാലക്കാട്: നെന്മാറ ഇരട്ടകൊലപാതക കേസിൽ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. പാലക്കാട് അഡീ സെഷൻസ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വിധി നീട്ടിയത്. വിധി അടുത്ത ദിവസം തന്നെ ഉണ്ടാകും.2025 ജനുവരി 27 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.
തന്റെ കുടുംബം തകരാന്‍ കാരണം അയല്‍വാസികളാണെന്ന ചിന്തയും അടങ്ങാത്ത പകയുമാണ് 2019 ല്‍ സജിതയെ കൊലപ്പെടുത്താനുള്ള കാരണം.കേസില്‍ ചെന്താമരയ്ക്ക് നേരത്തെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ അനുഭവിക്കുന്നതിനിടെ ചെന്താമര വീണ്ടും ഇരട്ടകൊലപാതകം നടത്തിയത്. ജാമ്യത്തില്‍ ഇറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. സജിത കൊലക്കേസില്‍ പ്രതിക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു.














