കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വിമാനത്താവളങ്ങളിലെ പരിശോധനകളും നിയന്ത്രണങ്ങളും വിലയിരുത്താനാണ് യോഗം ചേരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലാണ് യോഗം. അതേസമയം ഡിസംബര്‍ 15ന് പുനരാരംഭിക്കാനിരുന്ന രാജ്യാന്തര വിമാനസര്‍വീസുകള്‍ നീട്ടിവച്ച കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണം ഇന്നുണ്ടായേക്കും.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,765 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 3,46,06,541 ആയി ഉയര്‍ന്നു. ആക്ടീവ് കേസുകള്‍ 99,763 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ രാജ്യത്ത് 8,548 പേര്‍ കൊവിഡ് മുക്തരായി. 98.35 ശതമാനമാണ് ദേശീയ കൊവിഡ് മുക്തി നിരക്ക്. കേരളത്തില്‍ നിന്നുള്ള 403 പേര്‍ ഉള്‍പ്പെടെ 477 കൊവിഡ് മരണങ്ങളും ഇന്ന് രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണസംഖ്യ 4,69,724 ആയി.

അതിനിടെ കൊവിഷീല്‍ഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡിസിജിഐക്ക് അപേക്ഷ സമര്‍പ്പിച്ചു. ബൂസ്റ്റര്‍ ഡോസ് എന്ന ആവശ്യം ശക്തമാകുന്നതിനിടെ ഒമിക്രോണ്‍ വ്യാപിക്കുന്നതിനാലാണ് അനുമതി തേടിയതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *