കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികൾക്കുവേണ്ടി അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്.സർവ്വകലാശാല സസ്പെൻഡ് ചെയ്ത വിദ്യാര്‍ത്ഥികൾക്ക് ഹൈക്കോടതിയിലും വൻ തിരിച്ചടിയായിരുന്നു ഉണ്ടായത്. . പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ സർവകലാശാലയ്ക്ക് നിർദേശം നൽകാൻ കോടതികൾക്ക് അധികാരമില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.കോടതിയുടെ നടപടി മനുഷ്യത്വരഹിതമാണെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. വിസി സിസ തോമസിനെതിരായ പ്രതിഷേധത്തെത്തുടർന്ന് സസ്പെൻഷനിലായ 10 എസ്എഫ്ഐ പ്രവർത്തകർക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.













