ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ ചിത്രത്തിന് തയ്യാറായി റഷ്യൻ സിനിമ സംഘം

ബഹിരാകാശത്തെ ആദ്യ ചലച്ചിത്ര നിർമ്മാണത്തിനൊരുങ്ങുകയാണ് റഷ്യൻ സംഘം. ക്ലിം ഷിപെൻകോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 37 കാരിയായ യൂലിയ പെരെസിൽഡ് അഭിനയിക്കുന്നു. ഇതിനായി ഒരുക്കിയ സോയൂസ് പേടകം ബഹിരാകാശത്ത് യാത്ര തിരിക്കുകയും ചെയ്തു. ചിത്രത്തിന്റെ സംവിധായകൻ ക്ലിം ഷിപെങ്കോയും നായിക യൂലിയ പെരെസിൽഡും ബഹിരാകാശ സഞ്ചാരി ആന്റൻ ഷകപ്ലെറോവ് എന്നിവരടങ്ങിയ സംഘമാണ് യാത്ര തിരിച്ചത്. അവരുടെ സോയൂസ് എംഎസ് -19 എന്ന പേടകം കസാക്കിസ്ഥാനിലെ ബൈക്കന്നൂരിൽ നിന്ന് പറന്നുയർന്നു. ചിത്രീകരണ ദൗത്യം പൂർത്തിയാക്കി ഈ മാസം 17 ന് തിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

ചാലഞ്ച് എന്ന ചിത്രത്തിന്റെ ചില ഭാഗങ്ങൾ ബഹിരാകാശത്ത് ചിത്രീകരിക്കാൻ ഇതിന് മുമ്പും ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ രണ്ട് തവണ ഈ ദൗത്യം വിജയിച്ചില്ല. ചിത്രീകരണ സൗകര്യമുള്ള നൗക എന്ന പുതിയ ലാബ് മൊഡ്യൂളും ഇതിനായി ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ നിലയത്തിലെ ഒരാൾക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അടിയന്തിര ചികിത്സയ്ക്കു യാത്ര തിരിക്കുന്ന സർജന്റെ റോളാണ് നടി യൂലിയ പെരെസിൽഡ് വേഷമിടുന്നത്. ഇപ്പോൾ നിലയത്തിലുള്ള റഷ്യയുടെ ഒലേഗ് നൊവിറ്റ്സ്കിയാണ് രോഗിയായി അഭിനയിക്കുന്നത്. യുഎസ് നടൻ ടോം ക്രൂസും നാസയും ബഹിരാകാശത്ത് സിനിമ നിർമ്മിക്കാൻ പദ്ധതിയിടുന്നു. റഷ്യയുടെ ചാനൽ വൺ ടിവിയാണ് ചിത്രത്തിന് പണം നൽകുന്നത്.

ആദ്യമൊക്കെ ബഹിരാകാശ ഏജൻസികൾ തെരെഞ്ഞെടുത്തിരുന്ന യാത്രികർ മാത്രമാണ് ഇവിടേക്ക് സഞ്ചരിച്ചിരുന്നത്. എന്നാൽ അടുത്ത കാലങ്ങളിലായി ബഹിരാകാശ സന്ദർശകരുടെ എണ്ണം വർധിച്ചുവരികയാണ്. ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്ന അഞ്ചാമത്തെ റഷ്യന്‍ വനിതയായി നടി യൂലിയ പെരെസിൽഡ് മാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *