പ്രിയദർശിനി ബസിൽ കയറിയ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു


കെഎസ്ആര്‍ടിസി

പറവൂരിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിൽ കയറിയ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു . മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന കെഎസ്ആർടിസി കണ്ടക്ടര്‍ക്കെതിരായ പരാതിയിലാണ് നടപടി വന്നത്.കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഗുരുവായൂർ – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർഎസ്എ 173 ‘പ്രിയദർശിനി’ ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.


ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറയുകയായിരുന്നു. തുടർന്ന് കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്നും വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ എന്നുമാണ് കണ്ടക്ടർ അധിക്ഷേപിച്ചത്. യാത്രക്കാരിൽ ചിലരും തങ്ങളോട് മോശമായി പെരുമാറിയെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. തുടർന്ന് ബസിൽനിന്നും ഇറക്കി വിടാനും ശ്രമമുണ്ടായി. സംഭവത്തിൽ പരാതിക്കാരിയെയും കണ്ടക്ടറെയും പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.പറവൂർ പൊലീസിൽ ലഭിച്ച പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതി തുടർന്ന് സിഎംഡിയുടെ നിർദ്ദേശപ്രകാരം സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തു.




Sharing is Caring