ഇന്ന് മുതല്‍ മൂന്ന് ദിവസം രാജ്യവ്യാപകമായി നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു എഫ് ബി യു) ആണ് സമരം മാറ്റിവച്ചതായി ഔദ്യോഗികമായി അറിയിച്ചത്.ഇന്നലെ രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ ബി എ) നടത്തിയ ചർച്ചകള്‍ക്കൊടുവിലാണ് തീരുമാനം.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സെപ്റ്റംബർ 28 മുതല്‍ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തതിരുന്നത്.
നേരത്തെ നടത്തിയ സമരങ്ങളുടെ തുടർച്ചയായിട്ടായിരുന്നു മൂന്ന് ദിവസത്തെ സമരം. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി മാറ്റുക എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.അഞ്ച് ദിന പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിൻ്റെയും നേതൃത്വത്തില്‍ ഉന്നതതല സമിതി ഉടൻ രൂപീകരിക്കും. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍, വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താൻ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും എന്ന അറിയിപ്പിനെത്തുടർന്നാണ് സമരം താല്‍ക്കാലികമായി പിൻവലിച്ചത്.

മറ്റു ആവശ്യങ്ങളിലും വേഗത്തില്‍ പരിഹാരം കാണുമെന്ന് ഉറപ്പ് ലഭിച്ചതായി ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു. സമരം പിൻവലിച്ചതോടെ ഇന്ന് രാജ്യത്തെ ബാങ്കുകള്‍ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും. മൂന്ന് ദിവസത്തെ സമരത്തിൻ്റെ പശ്ചാത്തലത്തില്‍ ഇന്നലെ (ഞായറാഴ്ച) ബാങ്കുകള്‍ തുറന്ന് പ്രവർത്തിച്ചിരുന്നു.പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി മാറ്റുക എന്നതിന് പുറമെ, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം കൊടുക്കുക തുടങ്ങിയ ആവശ്യങ്ങളും ബാങ്ക് യൂണിയനുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഈ ആവശ്യങ്ങള്‍ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ അന്തിമ തീരുമാനം സ്വീകരിച്ചിരുന്നില്ല.











