മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്നും രാജ്യതലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ നേതാക്കൾ യോഗം ചേർന്ന് ഇന്നത്തെ സമരത്തിന്റെ രീതിയും തുടർപരിപാടികളും തീരുമാനിക്കും. ഇന്നലെ പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്ന സമാജ്വാദി പാർട്ടിയും ഇന്ന് സമരത്തിൽ പങ്കെടുക്കും.രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ ദില്ലി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും.
സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം തുടരുന്നത്.രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തതിൽ സംസ്ഥാനത്തും ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്. വിവിധ രാഷ്ട്രീയ, യുവജന സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചേക്കും. ഇന്നലെ കോൺഗ്രസിന്റെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടത്തിയിരുന്നു.













