8 വയസുകാരിയെ കുറ്റവിചാരണ നടത്തിയ സംഭവത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും

പൊലീസ് വാഹനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് 8 വയസുകാരിയെ പിങ്ക് പൊലീസ് കുറ്റവിചാരണ നടത്തിയ സംഭവത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹയെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. എത്ര രൂപ നഷ്ടപരിഹാരം നൽകാൻ സാധിക്കുമെന്ന് സർക്കാരുമായി ആലോചിച്ച് മറുപടി നൽകാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദ്ദേശിക്കുകയുണ്ടായി.
വലിയ മാനസിക പീഡനമാണ് പെൺകുട്ടി നേരിടേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി നമ്പി നാരായണൻ കേസിൽ നഷ്ടപരിഹാരം നൽകിയ മാതൃകയിൽ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരത്തിനൊപ്പം
ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്ത് നടപടി സ്വീകരിക്കാനാകുമെന്നും സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. ഇതുകൂടി പരിഗണിച്ചാകും ഉത്തരവ്.

തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നിലും പ്രതിഷേധം നടന്നിരുന്നു.സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കുടുംബം പറഞ്ഞു. അതേസമയം മോഷ്ടിച്ചെന്നാരോപിച്ച മൊബൈൽ ഫോൺ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ സംഭവത്തിൽ മാപ്പ് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടിൽ നിന്നാണ് വരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥ വിശദീകരിച്ചു. തന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തെ കണക്കിലെടുക്കണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

മാപ്പപേക്ഷ കണക്കിലെടുക്കുന്നതായി കോടതി അറിയിച്ചുവെങ്കിലും മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് ജി ജയചന്ദ്രൻ പറഞ്ഞു. കുട്ടി ഞെട്ടലിൽ നിന്ന് ഇനിയും മുക്തയായിട്ടില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പിതാവ് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *