കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ചാരിറ്റിയുടെ മറവിൽ അനധികൃതമായി പണം സമ്പാദിച്ചുവെന്ന കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.ചാരിറ്റി ആവശ്യങ്ങൾക്കായി ലഭിച്ച ഫണ്ട് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ റാണ വകമാറ്റിയെന്നാണ് ഇ.ഡി പറയുന്നത്. കീറ്റോ എന്ന ഓൺലൈൻ സംരംഭം വഴി റാണ പണം പിരിച്ചുവെന്നാണ് ഗാസിയാബാദ് പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.

അധധികൃതമായി പണം പിരിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതോടെ റാണ അയ്യൂബ് പൊതു ജനങ്ങളെ കബളിപ്പിച്ചുവെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. റാണ അയ്യൂബിന്റെ പിതാവിന്റെയും സഹോദരങ്ങളുടെയും പേരിലായിരുന്നു പണമെത്തിയത്. ഇതിൽ 50 ലക്ഷത്തോളം രൂപ നെറ്റ്ബാങ്കിങ് മുഖേന സ്ഥിരനിക്ഷേപമായി റാണ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും കുറ്റപത്രത്തിലുണ്ട്.

25 ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനം റാണ നടത്തിയതായും ഇ.ഡി സൂചിപ്പിക്കുന്നുണ്ട്. ഇതുമായി അന്വേഷണം നടക്കുകയാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് എന്നു പറഞ്ഞ് സമാഹരിച്ച പണം ദുരുപയോഗം ചെയ്തു. പണത്തിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കേന്ദ്രസർക്കാരിന്റെ നിരന്തര വിമർശകയാണ് റാണ അയ്യൂബ്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും അവർ നിഷേധിച്ചിരുന്നു. സർക്കാരിനെ വിമർശിക്കുന്നതു കൊണ്ടാണ് ഇ.ഡി തന്നെ വേട്ടയാടുന്നതെന്നാണ് റാണ പറയുന്നത്. പൊതുജനങ്ങളെ കബളിപ്പിച്ചുവെന്നാരോപിച്ച് 2021 ആഗസ്റ്റിലാണ് റാണക്കെതിരെ ഗാസിയാബാദ് പൊലീസിൽ വികാസ് സാൻക്രിത്‍യാൻ പരാതി നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *