ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കോന്നി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല;കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍


vd

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കോന്നി സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രി വി ഡി സതീശനെതിരെ കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍.നാല് എംഎല്‍എമാരുടെ അഭിപ്രായം മുഖ്യമന്ത്രി കേട്ടു. അടൂര്‍ എംഎല്‍എയെ വരെ വിളിച്ചെന്നും അവലോകനയോഗത്തെപ്പറ്റി തനിക്ക് അറിയിപ്പ് കിട്ടിയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.’ദുരന്തമുഖത്തും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നു. മുഖ്യമന്ത്രി ഒരു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പോലെ തരംതാഴുന്നത് ശരിയല്ല. കോന്നിയില്‍ മൂന്ന് സ്ഥലത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി.


തേക്ക് തോട്, കൊക്കാതോട്, തണ്ണിത്തോട് എന്നിവിടങ്ങളില്‍ ഭാഗ്യം കൊണ്ടാണ് ജീവനുകള്‍ നഷ്ടപ്പെടാതിരുന്നത്. കോന്നി മണ്ഡലത്തിലെ എട്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നൂറുകണക്കിന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നൂറുകണക്കിന് വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. പ്രധാന റോഡുകള്‍ മണ്ണിടിഞ്ഞും വെള്ളം കയറിയും യാത്ര ചെയ്യാന്‍ കഴിയാത്ത നിലയിലേക്ക് തകര്‍ന്നു. കര്‍ഷകര്‍ക്ക് വലിയ നാശനഷ്ടം ഉണ്ടായി’, ജനീഷ് കുമാര്‍ പറഞ്ഞു.മുഖ്യമന്ത്രി ഇന്നലെ ചെയ്തത് കോന്നിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമായി പോയെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. കോന്നിയിലൂടെ വരും വഴി മുഖ്യമന്ത്രിയുടെ വാഹനം ഒന്ന് നിര്‍ത്തിയാല്‍ മതിയായിരുന്നു. മുഖ്യമന്ത്രി പോയ ഇടത്ത് രാഷ്ട്രീയ നാടകം മാത്രം നടന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


‘മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി മുണ്ട് മടക്കി കുത്തി. അബിന്‍ വര്‍ക്കി എംഎല്‍എ ദൂരേക്ക് ചൂണ്ടിക്കാട്ടി ഒരു തെങ്ങ് കാണിച്ചു. ഫോട്ടോ എടുത്ത് മുഖ്യമന്ത്രി മടങ്ങി. എല്ലാം സെറ്റ് ആയിരുന്നു ഷൂട്ടിംഗ്. ഒരാള്‍ വിമര്‍ശിക്കാന്‍ ശ്രമിച്ചു, മുഖ്യമന്ത്രി അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം രണ്ടെണ്ണം അടിച്ചിട്ട് ആയിരിക്കുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു’, ജനീഷ് കുമാര്‍ പറഞ്ഞു.കോന്നി എംഎല്‍എയെ എന്താണ് യോഗം അറിയിക്കാതിരുന്നത് എന്ന് ഒരാള്‍ ചോദിച്ചിരുന്നുവെന്നും കോന്നിയില്‍ നഷ്ടം സംഭവിച്ചില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും ജനീഷ് കുമാര്‍ പറഞ്ഞു. മന്ത്രി പിസി വിഷ്ണുനാഥ് വന്ന് ഉറങ്ങിയാല്‍ നാട്ടിലെ പ്രശ്‌നം മനസ്സിലാക്കാന്‍ പറ്റില്ലെന്നും എംഎല്‍എ വിമര്‍ശിച്ചു. മന്ത്രിമാരെ കോന്നിയിലേക്ക് താന്‍ ക്ഷണിക്കുകയാണെന്നും മന്ത്രിമാര്‍ ദുരന്തമുഖത്തേക്ക് പോകണമെന്നും ജനീഷ് കുമാര്‍ ആവശ്യപ്പെട്ടു.

പ്രയാസം ഉള്ള ആളുകളെ കാണണം. കോന്നി കോണ്‍ഗ്രസ് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആണോ നടന്നതെന്ന് സംശയിച്ചു. താന്‍ ചില ആവശ്യങ്ങള്‍ ആ യോഗത്തില്‍ ഉന്നയിച്ചിരുന്നു. നഷ്ടത്തിന്റെ ഒരു കണക്കും എടുത്തിട്ടില്ല. മനസ്സില്‍ കണക്കുകൂട്ടി നഷ്ടം തിട്ടപ്പെടുത്തുന്നു.
ഒരു കൃഷി ഓഫീസിലും കൃഷി ഓഫീസര്‍മാരില്ല. താന്‍ വിമര്‍ശിച്ചത് കൊണ്ടാണ് തന്നെ യോഗം അറിയിക്കാതിരുന്നത്. കോന്നിയില്‍ വോട്ട് ചെയ്ത കോണ്‍ഗ്രസുകാരെ ഉള്‍പ്പെടെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. രാജു എബ്രഹാം വെള്ളപ്പൊക്കത്തിന്റെ കാരണം പറഞ്ഞിരുന്നു. രാജു എബ്രഹാമിനെതിരെ സൈബര്‍ ആക്രമണം നടക്കുകയാണ്. 2018ല്‍ മഹാപ്രളയം ഉണ്ടായി. പിന്നീട് വലിയ നഷ്ടങ്ങള്‍ ഉണ്ടായില്ല. മുന്നൊരുക്കങ്ങള്‍ എടുത്തതുകൊണ്ടാണ് നഷ്ടങ്ങള്‍ പിന്നീട് ഉണ്ടാകാതിരുന്നത്. മുമ്പ് ഡാം തുറന്ന് വെള്ളം ഒഴുക്കി വിടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring