പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റുകളില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ 117 സീറ്റുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കുകയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി സഖ്യം വേണമോയെന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. കാര്‍ഷിക നിയമങ്ങളും, കര്‍ഷക പ്രതിഷേധവുമാണ് അമരീന്ദറിനെ ബിജെപിയുമായി സഖ്യം ചേരുന്നതില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതോടെ ബിജെപിയുമായുളള പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ സഖ്യ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. താങ്ങുവില സംബന്ധിച്ചുളള പ്രശ്‌നങ്ങള്‍ കൂടി പരിഹരിച്ചാല്‍ മാത്രമെ സഖ്യം സാധ്യമാകുയെന്നാണ് വിലയിരുത്തല്‍.

അതേസമയം, ബിജെപിക്കും ,അമരീന്ദര്‍ സിംഗിനും ഒരേ ആശയങ്ങളാണെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സിലംഗം ഹര്‍ജിത്ത് സിംഗ് ഗ്രിവാള്‍ വ്യക്തമാക്കി. ബിജെപിയും പഞ്ചാബ് ലോക് കോണ്‍ഗ്രസും സഖ്യത്തിലായാല്‍ അത് കൂടുതല്‍ ഗുണം ചെയ്യുക പഞ്ചാബിന് തന്നെയാകും. അമരീന്ദറിന്റെ പുതിയ പാര്‍ട്ടിയുമായി സഖ്യം വേണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ സഖ്യം പഞ്ചാബില്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് വ്യക്താവ് കമല്‍ജിത്ത് സിംഗ് ബ്രാര്‍ പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കൊണ്ട് മാത്രം ബിജെപിക്ക് പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് കരുതേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി. അമരീന്ദര്‍ സിംഗ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയത് കൊണ്ട് പാര്‍ട്ടിക്ക് ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല. 4.5 വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി നല്ല ഭംഗിയായി ചെയ്യുന്നുണ്ടെന്നും കമല്‍ജിത്ത് സിംഗ് ബ്രാര്‍ പറഞ്ഞു. 2017ല്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരത്തിലെത്തിയത്. 117 അംഗ നിയമസഭയില്‍ 20 സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി രണ്ടാമത്തെ വലിയ കക്ഷിയായി മാറി. ശിരോമണി അകാലിദള്‍ 15 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി മൂന്ന് സീറ്റില്‍ ഒതുങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *