അഫ്ഗാനിസ്താനില്‍ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

കാബൂൾ: അഫ്ഗാനിസ്താനിലെ പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാൻ. ഹൈസ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് താലിബാൻ പുറത്തിറക്കിയ ഉത്തരവിൽ ആൺകുട്ടികളെപ്പറ്റി മാത്രമാണ് പറയുന്നതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ടു ചെയ്തു. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഉത്തരവിൽ പെൺകുട്ടികളുടെ കാര്യം പരാമർശിക്കുന്നതേയില്ല.

ഇതോടെ ഒരു മാസത്തെ ഇടവേളയ്ക്കുശേഷം അടുത്ത മാസം സ്കൂളുകൾ തുറക്കുമ്പോൾ ആൺകുട്ടികൾക്ക് സ്കൂളിൽ തിരിച്ചെത്താൻ കഴിയും. എന്നാൽ പെൺകുട്ടികൾ വീടുകളിൽതന്നെ ഇരിക്കേണ്ടിവരും. സെക്കൻഡറി സ്കൂളുകൾ ഏഴ് മുതൽ 12-ാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്കുവേണ്ടി ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്നാണ് താലിബാന്റെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. പുരുഷന്മാരായ അധ്യാപകരും ആൺകുട്ടികളും സ്കൂളുകളിൽ എത്തണമെന്ന് നിർദ്ദേശമുണ്ട്.

എന്നാൽ രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതു മുതൽ വീടുകളിൽതന്നെ കഴിയുന്ന അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ഭാവി എന്തായിരിക്കും എന്നകാര്യത്തിൽ വ്യക്തതയില്ല. ഇതോടെ രാജ്യത്തെ പകുതിയോളം വിദ്യാർഥികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തെ ഏക രാജ്യമായി അഫ്ഗാനിസ്താൻ മാറും.

രാജ്യത്തെ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങൾ താലിബാൻ കൂടുതൽ കടുപ്പിക്കുമെന്നതിന്റെ സൂചനയാണ് പുതിയ ഉത്തരവ്. 1990 കളിൽ അഫ്ഗാന്റെ ഭരണം കൈയാളിയിരുന്ന കാലത്തും പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് താലിബാൻ വിലക്കിയിരുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസത്തിനുള്ള അവസരം താലിബാൻ നൽകുമെന്ന സൂചനകൾ ആയിരുന്നു ഇതുവരെ പുറത്തുവന്നത്. എന്നാൽ ഹൈസ്കൂളുകളിൽ പെൺകുട്ടികൾക്ക് അനുമതി നിഷേധിച്ച നടപടി ഭാവിയിൽ സർവകലാശാലാ വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന് ഉറപ്പാണ്

You may also like ....

Leave a Reply

Your email address will not be published. Required fields are marked *