ഉറക്കക്കുറവ് വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

ഉറക്കം (Sleep) എന്നത് മനുഷ്യന് അനിവാര്യമായ കാര്യമാണ്. എന്നിരുന്നാലും ഉറക്കമില്ല (insomnia) എന്നത് ഇന്ന് പലരുടെയും പ്രധാന പരാതിയാണ്.പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നഷ്ടപ്പെടാം. ഉറക്കമില്ലായ്മ അല്ലെങ്കില്‍ വൈകി ഉറങ്ങുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും (health issues) വഴിയൊരുക്കാം. ഇത് സംബന്ധിച്ച്‌ നിരവധി പഠനങ്ങളാണ് ഇന്ന് ശാസ്ത്ര ലോകത്ത് നടക്കുന്നത്.

ഇപ്പോഴിതാ ഉറക്കക്കുറവ് വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ (mental health) ബാധിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഏകദേശം 65.5 ശതമാനം വിദ്യാര്‍ഥികളും ഉറക്കസംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും അത് അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നുമാണ് ‘അന്നല്‍സ് ഓഫ് ഹ്യൂമന്‍ ബയോളജി’ (‘Annals of Human Biology) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

ആണ്‍കുട്ടികളെ അപേക്ഷിച്ച്‌ പെണ്‍കുട്ടികളിലാണ് ഉറക്കക്കുറവ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പഠനം പറയുന്നു. ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് മാറ്റോ ഗ്രോസോയിലെ പ്രൊഫസര്‍ ഡോ. പൗലോ റോഡ്രിഗ്യൂസ് ആണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. 1,113 വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. വിഷാദത്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്ബോള്‍ നല്ല ഉറക്കം കിട്ടാത്തത് നാല് മടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു.

പഠനത്തില്‍ പങ്കെടുത്ത 500-ല്‍ അധികം പേര്‍ പകല്‍ സമയത്ത് കൂടുതലായി ഉറങ്ങാനുള്ള പ്രവണത ഉള്ളവരായിരുന്നു. ഇവര്‍ക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ മാനസികാരോഗ്യം മോശമാകുന്നത് വിദ്യാര്‍ഥികളുടെ പഠനപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. അതിനാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കുട്ടികളില്‍ നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പഠനം നിര്‍ദേശിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *