കേരളം സ്റ്റാർട്ടപ്പിന് 20 കോടിയുടെ നിക്ഷേപം ലഭിച്ചു

കേരളം സ്റ്റാർട്ടപ്പിന് 20 കോടിയുടെ നിക്ഷേപം ലഭിച്ചു. കേരളം ആസ്ഥാനമായ പ്രവർത്തിക്കുന്ന റോബോട്ടിക് സ്റ്റാര്‍ട്ടപ്പ് ജെന്‍ റോബോട്ടിക്‌സിനാണ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ടെക്‌നോളജി കമ്പനിയായ സോഹോയില്‍ നിന്ന് 20 കോടി രൂപയുടെ മൂലധന ഫണ്ടിങ് ലഭിച്ചിരിക്കുന്നത്. ലോകത്താദ്യമായാണ് റോബോട്ടുകളെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനായി വികസിപ്പിച്ചെടുത്തത്. അതുതന്നെയാണ് ഈ സ്റ്റാർട്ടപ്പിന് ശ്രദ്ധ നേടികൊടുത്തതും. മാന്‍ഹോളുകള്‍ വൃത്തിയാക്കാനിറങ്ങുമ്പോൾ ആളുകൾക്ക് സംഭവിക്കുന്ന മരണങ്ങളാണ് ഇങ്ങനെയൊരു കണ്ടുപിടുത്തത്തിലേക്ക് ഈ ചെറുപ്പക്കാരെ നയിച്ചത്.

ഒരുകൂട്ടം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ചേർന്നാണ് ഈ റോബോട്ട് വികസിപ്പിച്ചെടുത്തത്. ‘ബാന്‍ഡിക്കൂട്ട്’ എന്ന പേരിലുള്ള റോബോട്ട് ഇന്ന് ഇന്ത്യയില്‍ മാത്രമല്ല പ്രചാരത്തിലുള്ളത്. വിദേശ രാജ്യങ്ങളിൽ നഗരസഭകളും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. 2017-ലാണ് ഇതൊരു കമ്പനിയായി രൂപം കൊണ്ടത്. എം.കെ വിമല്‍ ഗോവിന്ദ്, എന്‍.പി നിഖില്‍, കെ റാഷിദ്, അരുണ്‍ ജോര്‍ജ് എന്നിവരാണ് സഹസ്ഥാപകര്‍. തിരുവനന്തപുരം ആസ്ഥാനമായാണ് നിലവിൽ ഈ കമ്പനി പ്രവർത്തിക്കുന്നത്.

പ്രമുഖ വ്യവസായികളായ ആനന്ദ് മഹീന്ദ്ര, ഗൂഗിള്‍ ഇന്ത്യ മുന്‍ മേധാവി രാജന്‍ ആനന്ദന്‍ എന്നിവർ നേരത്തെ ഈ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ്, സീ ഫണ്ട് എന്നീ നിക്ഷേപസ്ഥാപനങ്ങളും മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ റോബോട്ടിനെ കൂടാതെ മെഡിക്കല്‍ റീഹാബിലിറ്റേഷന് സഹായിക്കുന്ന റോബോട്ടും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സഹായത്തോടെ സുരക്ഷിതമായ ലോകം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനിയുടെ കോ ഫൗണ്ടറും സി.ഇ.ഒ.യുമായ വിമല്‍ ഗോവിന്ദ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *