ബഹിരാകാശ സഞ്ചാരത്തിൽ ചരിത്രം തിരുത്തി സ്‌പേസ് എക്‌സ്

വാഷിങ്ടൺ: ബഹിരാകാശ സഞ്ചാരത്തിൽ പുതുചരിത്രമെഴുതി ഇലോൺ മാസ്കിന്റെ സ്പേസ് എക്സ്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഡ്രാഗൺ ക്യാപ്സ്യൂളിലേറി സഞ്ചാരികൾ കുതിച്ചുയർന്നത് ചരിത്രത്തിലേക്കാണ്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.30 ഓടെയാണ് ബഹിരാകാശ വിദഗ്ദ്ധരല്ലാത്ത, നാല് സഞ്ചാരികൾ ഫാൽക്കൺ 9 റോക്കറ്റിലേറി ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്.

അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റ്സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജേർഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. ഐസക്മാൻ തന്നെയാണ് വാഹനം ചാർട്ടർ ചെയ്തതും. ജേർഡ് ഐസക്മാനോടൊപ്പം സിയാൻ പ്രോക്ടർ, ഹെയ്ലി ആർസീനക്സ്, ക്രിസ് സെംബ്രോസ്കി എന്നിവരാണ് സംഘത്തിലുള്ളത്.

സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ഡ്രാഗൺ ക്യാപ്സ്യൂളിൽ ഇവരെ ബഹിരാകാശത്ത് എത്തിച്ചത്. കെന്നഡി സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയർന്ന പേടകം ഭ്രമണപഥത്തിലെത്തി. വിക്ഷേപണത്തിന് ഏതാണ്ട് 12 മിനിറ്റുകൾക്ക് ശേഷം വിക്ഷേപണ റോക്കറ്റിൻ നിന്ന് ഡ്രാഗൺ ക്യാപ്സ്യൂൾ വേർപെടുകയും സഞ്ചാരികൾ ഓർബിറ്റിലേക്ക് പ്രവേശിക്കുകയും ചെയ്തു. റോക്കറ്റിന്റെ ആദ്യ ഘട്ട ബൂസ്റ്റർ പേടകത്തിൽ നിന്ന് വേർപെട്ട ശേഷം അറ്റ്ലാന്റിക്കിലെ ലാൻഡിംഗ് പ്ലാറ്റ്ഫോമിൽ സുരക്ഷിതമായി തിരിച്ചിറങ്ങി.

മൂന്ന് ദിവസം ഭൂമിയെ വലംവെയ്ക്കുന്ന സംഘം, യാത്ര പൂർത്തിയാക്കിയ ശേഷം അറ്റ്ലാന്റിക്കിൽ ഫ്ളോറിഡ തീരത്ത് തിരിച്ചിറങ്ങും. നാല് പേരുടെ യാത്രക്കായി 200 മില്യൺ ഡോളറാണ് ചെലവായത്.
ഈ തുക ജേർഡ് ഐസക്മാൻ നൽകിയതായാണ് റിപ്പോർട്ടുകൾ. ഇലോൺ മസ്കിന്റെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യ യാത്രയാണിത്.

ബഹിരാകാശ യാത്രാ ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർക്കുന്നതാണ് സ്പേസ് എക്സിന്റെ ‘ഇൻസ്പിറേഷൻ 4’ എന്ന ബഹിരാകാശ ടൂറിസം പദ്ധതി. കൂടുതൽ പേർക്ക് ബഹിരാകാശ യാത്ര സ്വപ്നം കാണുന്നതിനുള്ള പ്രചോദനം കൂടിയാകുമിതെന്നാണ് വാഹനം ചാർട്ടർ ചെയ്ത ജേർഡ് ഐസക്മാൻ പറഞ്ഞത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *