ചേരിപ്പോര് രൂക്ഷമായ താരസംഘടനയായ ‘അമ്മ’യിലെ നാലുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അന്‍സിബ ഹസന്‍, ടിനി ടോം, കുക്കു പരമേശ്വരന്‍, ലക്ഷ്മി പ്രിയ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ജൂണ്‍ ഒന്നിനും മൂന്നിനും ഇടയില്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണം.
ടിനി ടോമിനെതിരെ അടക്കം ഉന്നയിച്ച പരാതിയില്‍ അന്‍സിബയെ കേള്‍ക്കാന്‍ അമ്മ നേതൃത്വം തീരുമാനിച്ചു. ജൂണ്‍ ആദ്യ ആഴ്ച നേരിട്ടെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടു. സംഘടനയില്‍ വിശ്വാസം നഷ്ടപ്പെട്ടതായും ടിനി ടോമിനെതിരെ ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമെന്നും അന്‍സിബ പ്രഖ്യാപിച്ചിരുന്നു. അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് കാരണം ടിനി ടോം ആണെന്നായിരുന്നായിരുന്നു അന്‍സിബ ആരോപിച്ചത്. ടിനി ടോം തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ജിഹാദിയെന്ന് വിളിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു
അതേസമയം അമ്മയുടെ നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അന്‍സിബ. തന്റെ പരാതികള്‍ കേള്‍ക്കണമെങ്കില്‍ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നും അന്‍സിബ ആവശ്യപ്പെടുന്നു. രമേശ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍, മാലാ പാര്‍വ്വതി എന്നിവര്‍ സമിതിയില്‍ ഉണ്ടാകണമെന്നാണ് അന്‍സിബയുടെ ആവശ്യം. സമിതിക്ക് മുന്നില്‍ താന്‍ പറയുന്ന കാര്യങ്ങള്‍ വീഡിയോ റെക്കോര്‍ഡിങ് ഉറപ്പാക്കണം എന്നും അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്.