ലോക കപ്പില്‍ ഇന്ത്യക്ക് ജയിക്കാന്‍ പ്രയാസമായിരിക്കുമെന്ന് ഷുഹൈബ് അക്തര്‍

ലോക കപ്പില്‍ പാകിസ്ഥാന്‍ 170-180 റണ്‍സെടുത്താന്‍ ഇന്ത്യക്ക് ജയിക്കാന്‍ പ്രയാസമായിരിക്കുമെന്ന് പാകിസ്ഥാന്‍ മുന്‍ പേസ് ഇതിഹാസം ഷുഹൈബ് അക്തര്‍. ഇത് ഐപിഎല്‍ അല്ല ലോക കപ്പാണെന്നും ഐപിഎല്ലിലെ പോലെയുള്ള പ്രകടനങ്ങള്‍ സാദ്ധ്യമാകില്ലെന്നും അക്തര്‍ പറഞ്ഞു.

‘പാകിസ്ഥാന്‍ 170-180 റണ്‍സെടുത്താന്‍ ഇന്ത്യക്ക് ജയിക്കാന്‍ പ്രയാസമായിരിക്കും. കാരണം ഇത് ഐപിഎല്ലല്ല ലോക കപ്പാണ്. ഐപിഎല്ലിലെ പോലെയുള്ള പ്രകടനങ്ങള്‍ ഇവിടെ സാദ്ധ്യമാകില്ല’ അക്തര്‍ അഭിപ്രായപ്പെട്ടു. അതേ സമയം മുന്‍ പാക് നായകനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി പറഞ്ഞത് സമ്മര്‍ദ്ദത്തെ നന്നായി അതിജീവിക്കാന്‍ കഴിയുന്ന ടീം ജയിക്കുമെന്നാണ്.

യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആണ് വേദി.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിലവില്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് പോര് സംഭവിക്കുന്നത്. ലോക കപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനിട്ടില്ല. ഏകദിന, ടി20 ലോക കപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. ആദ്യ ടി20 ലോക കപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.

2019ലെ ഏകദിന ലോക കപ്പില്‍ അവസാനം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതാണ് പാകിസ്ഥാന് എടുത്തുപറയാനുള്ള നേട്ടം. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെയാണ് ടി20 ലോക കപ്പ്. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോക കപ്പ്, കോവിഡിനെ തുടര്‍ന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *