വ്യാജ പുരാവസ്തു തട്ടിപ്പ് നടത്താനിറങ്ങിയ ഏഴംഗ സംഘം പിടിയില്‍

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്ന തങ്ക വിഗ്രഹം ആണെന്ന് പേരില്‍ വ്യാജ പുരാവസ്തു തട്ടിപ്പ് നടത്താനിറങ്ങിയ ഏഴംഗ സംഘം പിടിയില്‍. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് മോഷണം പോയ 20 കോടി മതിപ്പുള്ള തങ്ക വിഗ്രഹം ആണെന്ന് അവകാശപ്പെട്ട് കൊണ്ടായിരുന്നു വില്‍പ്പന ശ്രമം. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ ഏഴു പേരെ തൃശ്ശൂര്‍ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു.

പാവറട്ടി പാടൂര്‍ മതിലകത്ത് അബ്ദുള്‍ മജീദ് (65), തിരുവനന്തപുരം തിരുമല സ്വദേശിയായ ഗീത റാണി (63), പത്തനംതിട്ട കളരിക്കല്‍ സ്വദേശി ചെല്ലപ്പമണി ഷാജി (38), ആലപ്പുഴ കറ്റാനം സ്വദേശി ഉണ്ണികൃഷ്ണന്‍ (33), സുജിത് രാജ് (39), കറമ്പക്കാട്ടില്‍ ജിജു (45), തച്ചിലേത്ത് അനില്‍ കുമാര്‍ (40) എന്നിവരാണ് പിടിയിലായത്.

പാവറട്ടി പാടൂരിലെ വീട് കേന്ദ്രീകരിച്ച് വിഗ്രഹവില്‍പ്പന സംഘം പ്രവര്‍ത്തിക്കുന്നു എന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതേ തുടര്‍ന്ന് ഷാഡോ പൊലീസ് ഒരുക്കിയ കെണിയില്‍ സംഘം കുടുങ്ങുകയായിരുന്നു. പതിനഞ്ച് കോടി രൂപയാണ് വിഗ്രഹത്തിന് വില പറഞ്ഞിരുന്നത്. ഈ വിഗ്രഹം പത്തുകോടി രൂപയ്ക്ക് വാങ്ങാനെന്ന വ്യാജേന ഇടനിലക്കാര്‍ മുഖാന്തരം പൊലീസ് പ്രതികളെ സമീപിക്കുകയായിരു്ന്നു. തനി തങ്കത്തില്‍ തീര്‍ത്ത വിഗ്രഹം നൂറ്റാണ്ടുകള്‍ മുമ്പ് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും മോഷണം പോയതാണെന്നാണ് പ്രതികള്‍ പറഞ്ഞിരുന്നത്

തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും മോഷണം പോയത് എന്ന് അവകാശപ്പെട്ട് 20 കോടി വില പറഞ്ഞ തങ്ക വിഗ്രഹം യഥാര്‍ഥത്തില്‍ ഈയത്തില്‍ സ്വര്‍ണ്ണം പൂശിയതാണ് എന്ന് പൊലീസ് കണ്ടെത്തി. ഇത് 5 വര്‍ഷം മുന്‍പ് ഈയത്തില്‍ നിര്‍മിച്ചതാണെന്ന് പ്രതികള്‍ തന്നെ സമ്മതിച്ചു.

വില്‍പ്പനയില്‍ സംശയം ഒന്നും തോന്നാതിരിക്കാനായി വിഗ്രഹം സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്, വിഗ്രഹത്തിന്റെ പഴക്കം നിര്‍ണയിക്കുന്ന ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ട്, കോടതിയില്‍ നിന്നുള്ള ബാധ്യത ഒഴിവാക്കി കൊണ്ടുള്ള രേഖകള്‍ എന്നിവ എല്ലാം പ്രതികള്‍ വ്യാജമായി നിര്‍മ്മിച്ചിരുന്നു.

വിഗ്രഹത്തിന്റെ പ്രധാന്യത്തെ കുറിച്ച് വിവരിക്കാന്‍ പൂജാരിയുടെ വേഷത്തിലാണ് മൂന്നാം പ്രതിയായ ഷാജിയെ ഇവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ബ്രഹ്‌മദത്തന്‍ നമ്പൂതിരി എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. പൊലീസിനോടും ആദ്യം പേര് ബ്രഹ്‌മദത്തന്‍ നമ്പൂതിരി എന്നാണ് പറഞ്ഞത്. എന്നാല്‍
വിശദമായി ചോദ്യം ചെയ്തപ്പോള്‍ യഥാര്‍ഥ പേര് ഷാജി എന്നാണെന്ന് ഇയാള്‍ സമ്മതിച്ചു. ഇയാള്‍ക്കെതിരെ തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനില്‍ പതിനെട്ട് ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തെന്ന പരാതിയില്‍ കേസെടുത്തട്ടുണ്ട്. പ്രതിയായ ഗീതാറാണിയക്കെതിരെയും കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ തട്ടിപ്പുകേസുകള്‍ നിലവിലുണ്ട്. മൂന്ന് ആഡംബര കാറുകളിലായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. ഈ കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *