വളർത്തു നായക്ക് നടക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ച സംഭവത്തിൽ ഐഎഎസ് ഓഫീസർ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി.

വളർത്തു നായക്ക് നടക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ച സംഭവത്തിൽ ഐഎഎസ് ഓഫീസർ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ഭാര്യ ഐഎഎസ് ഉദ്യോ​ഗസ്ഥ റിങ്കു ദ​​​​ഗ്​ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി. തന്റെ വളർത്ത് നായക്ക് നടക്കാൻ ഡൽഹിയിലെ ത്യാ​ഗരാജ് സ്റ്റേഡിയം ഐഎസ്എസ് ഓഫീസർ ഒഴിപ്പിച്ചെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

സംഭവത്തിൽ മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഡൽഹി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ആരോപണ വിധേയനായ സഞ്ജീവ് ഖിർവാർ. സഞ്ജീവ് ഖിർവാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതൊടെ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.

1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ, വൈകുന്നേരം ഏഴിന് പരിശീലനം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടതോടെ‌യാണ് സംഭവം വിവാദമായത്. താരങ്ങളും പരിശീലകരുമാണ് എതിർപ്പുമായി രം​ഗത്തെത്തിയത്. സ്‌റ്റേഡിയം പതിവിൽ നിന്നും നേരത്തെ രാത്രി ഏഴ് മണിയോടെ അടയ്ക്കുകയാണെന്നാണ് കായിക താരങ്ങളുടെയും പരിശീലകരുടെയും പരാതി.

സഞ്ജീവ് ഖിർവാറുടെ വളർത്തു നായക്ക് സ്വതന്ത്രമായി നടക്കാൻ വേണ്ടിയാണ് സ്റ്റേഡിയം നേരത്തെ അടക്കുന്നതെന്ന് ആരോപിച്ച് പരിശീലകർ രം​ഗത്തെത്തി. ഒഴിഞ്ഞ സ്റ്റേഡിയത്തിൽ ഇദ്ദേഹം നായയോടൊപ്പം നടക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു. എന്നാൽ, കായികതാരങ്ങളുടെ ആരോപണം സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ അജിത് ചൗധരി നിഷേധിച്ചു. പരിശീലനം നൽകാനുള്ള ഔദ്യോഗിക സമയം വൈകിട്ട് ഏഴ് മണി വരെയാണെന്നും അതിന് ശേഷം കായിക താരങ്ങളും പരിശീലകരും മൈതാനം വിട്ടുപോകുമെന്നും അദ്ദേഹം വിശദീകരിച്ചു.

സംഭവം വിവാദമായതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തലസ്ഥാനത്തെ എല്ലാ സ്റ്റേഡിയങ്ങളും രാത്രി 10 മണിവരെ തുറന്നു കൊടുക്കാൻ ഉത്തരവിട്ടു. അതേസമയം ആരോപണങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥൻ നിഷേധിക്കുകയാണുണ്ടായത്. സ്റ്റേഡിയത്തിൽ നിന്നും അത്‌ലറ്റുകളെ പുറത്താക്കിയിട്ടില്ല. വളർത്തു നായയുമായി സ്റ്റേഡിയത്തിൽ നടക്കാൻ വരാറുണ്ട്. പക്ഷെ അതിനു വേണ്ടി കായിക താരങ്ങളെ പുറത്താക്കിയിട്ടില്ലെന്നും സഞ്ജീവ് ഖിർവാർ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *