ശബരിമല;കൂടുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാനൊരുങ്ങി സർക്കാർ

ശബരിമല തീർത്ഥാടത്തിനായി കൂടുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാനൊരുങ്ങി സർക്കാർ. കൂടുതൽ സൗകര്യങ്ങളൊരുക്കി നിലവിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്താൻ പമ്പയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണൻറെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. അനന്തഗോപൻ അടക്കമുള്ളവർ പങ്കെടുത്തു.

തീർത്ഥാടനം പത്ത് ദിവസം പിന്നിട്ടതിന് പിന്നാലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻറെ നേതൃത്വത്തിൽ പമ്പയിൽ ചേർന്ന അവലോകന യോഗം നിലവിലെ സാഹചര്യങ്ങൾ തൃപ്തികരമാണന്നാണ് വിലയിരുത്തൽ. കൊവിഡ് രോഗവ്യാപനം കുറഞ്ഞതിന് പിന്നാലെ കാലാവസ്ഥാ പ്രതിസന്ധികളും ഒഴിഞ്ഞതോടെയാണ് ശബരിമല തീർത്ഥാടനത്തിന് കൂടുതൽ ഭക്തർക്ക് അവസരമൊരുങ്ങുന്നത്. രണ്ട് ദിവസങ്ങൾക്കകം ചേരുന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളും.

തീർത്ഥാടകരെ സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കുന്ന കാര്യവും നീലിമല പാതയിലൂടെ കടത്തിവിടുന്ന കാര്യവും പരിഗണിക്കുമെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. പമ്പ സ്നാനത്തിന് അനുമതി നൽകുന്നതും കൊവിഡ് പരിശോധനകളിലെ ഇളവുകൾ സംബന്ധിച്ചും സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ വേഗത്തിൽ തീരുമാനങ്ങളുണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *